മീഞ്ചന്ത സബ് റജിസ്ട്രാർ ഓഫിസ്: നാൽപതു വർഷം കഴിഞ്ഞിട്ടും വാടകക്കെട്ടിടത്തിൽ

Mail This Article
ബേപ്പൂർ ∙ പ്രവർത്തനമാരംഭിച്ചു 42 വർഷം പിന്നിട്ടിട്ടും വാടകക്കെട്ടിടത്തിൽ നിന്നു മോചനമില്ലാതെ മീഞ്ചന്ത സബ് റജിസ്ട്രാർ ഓഫിസ്. അരക്കിണർ റെയിൽവേ ലൈൻ റോഡിലെ കെട്ടിടത്തിന്റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന ഓഫിസ് പരിമിതിയുടെ നടുവിലാണ്. വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതിനാൽ റജിസ്ട്രേഷൻ നടപടികൾക്ക് എത്തുന്നവർ കടുത്ത ദുരിതത്തിൽ. വസ്തു റജിസ്ട്രേഷന് എത്തുന്ന വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർ കോണിപ്പടികൾ കയറി ഓഫിസിൽ എത്തുമ്പോഴേക്കും തളർന്നു പോകും. വാഹനങ്ങളുമായി എത്തുന്നവർക്കും പ്രയാസമാണ്. പാർക്കിങ് സൗകര്യം തീരെ ഇല്ല. ശുചിമുറിയുടെ അപര്യാപ്തതയും ഉണ്ട്.
ബേപ്പൂർ, പന്നിയങ്കര വില്ലേജുകൾ, ചെറുവണ്ണൂർ വില്ലേജിലെ നല്ലളം ദേശം എന്നിവിടങ്ങളിലെ വസ്തു റജിസ്ട്രേഷൻ നടത്തുന്ന ഓഫിസാണിത്. നേരത്തേ മേഖല ചാലപ്പുറം സബ് റജിസ്ട്രേഷനു കീഴിലായിരുന്നു. ബേപ്പൂർ മേഖലയിലുള്ളവർ റജിസ്ട്രേഷൻ നടപടികൾക്ക് ചാലപ്പുറത്ത് പോകേണ്ട പ്രയാസങ്ങൾ ഒഴിവാക്കാൻ 1982ൽ ആണ് മീഞ്ചന്ത സബ് റജിസ്ട്രാർ ഓഫിസ് സ്ഥാപിച്ചത്. അന്നു മുതൽ 4 കെട്ടിടങ്ങൾ മാറിയെങ്കിലും ഇതുവരെ സ്വന്തം കെട്ടിട നിർമാണത്തിനു നടപടിയുണ്ടായില്ല. സബ് റജിസ്ട്രാർ ഉൾപ്പെടെ 9 ജീവനക്കാരുണ്ട്. ഓഫിസിന് സ്വന്തം കെട്ടിടം നിർമിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരും ആധാരം എഴുത്തുകാരും മന്ത്രിമാർക്കും ജില്ലാ റജിസ്ട്രാർക്കും പലവട്ടം നിവേദനം നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല.