ദേശീയപാത 84 ശതമാനം പൂർത്തിയായി; പുഴയ്ക്കു കുറുകെയും 6 വരി, പാലങ്ങൾ 8 വരിയിലേക്ക്

Mail This Article
കോഴിക്കോട് ∙ ആറു വരിയിൽ നവീകരിക്കുന്ന രാമനാട്ടുകര–വെങ്ങളം 28.400 കിലോമീറ്റർ ദേശീയപാത പ്രവൃത്തി അവസാന ഘട്ടത്തിലേക്ക്. 84% പണിയും പൂർത്തീകരിച്ചു. 7 മേൽപാലങ്ങൾ പൂർത്തിയായി. 4 പാലങ്ങളിൽ മൂന്നെണ്ണത്തിന്റെ നിർമാണവും കഴിഞ്ഞു. മേയ് 30 ആണ് നിർമാണം പൂർത്തിയാക്കാൻ അനുവദിച്ച സമയപരിധി. അതിനു മുൻപേ പ്രവൃത്തി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കരാറുകാർ. 13.5 മീറ്റർ വീതം വരുന്ന 2 പാതകളായാണ് 27 മീറ്റർ വീതിയിൽ ദേശീയപാത 6 വരിയാകുന്നത്. 60 സെന്റിമീറ്ററിലാണ് മീഡിയൻ. ഇരുഭാഗത്തും 50 സെന്റിമീറ്റർ വീതിയിൽ കോൺക്രീറ്റ് മതിൽ പാതയ്ക്ക് അതിരിടും.
അതിനു പുറത്താണ് അഴുക്കുചാലിനൊപ്പം 6.75 മീറ്റർ വീതിയിൽ സർവീസ് റോഡും.വെങ്ങളം–രാമനാട്ടുകര പാതയിൽ പുഴയ്ക്കു കുറുകെ 4 പാലങ്ങളും റോഡിനു കുറുകെ 7 മേൽപാലങ്ങളുമാണ് പൂർത്തിയാക്കുന്നത്. ഓരോ പാലത്തിന്റെയും നീളം: വെങ്ങളം–530 മീറ്റർ, പൂളാടിക്കുന്ന്–540, തൊണ്ടയാട്–479, ഹൈലൈറ്റ് മാൾ–691, പന്തിരാങ്കാവ്–330, അഴിഞ്ഞിലം–31, രാമനാട്ടുകര–449, കോരപ്പുഴ–484, പുറക്കാട്ടിരി–186, മാമ്പുഴ–128, അറപ്പുഴ–296.പ്രവൃത്തി 2018ൽ കരാർ നൽകിയതുപ്രകാരം 2020 ൽ പൂർത്തിയാകേണ്ടതായിരുന്നു. പല കാരണങ്ങളാൽ നിർമാണം തുടങ്ങിയതു തന്നെ 2021 ഏപ്രിൽ 18ന് ആണ്. പിന്നീട് 2024 ജനുവരി വരെ സമയം അനുവദിച്ചു. അതിനകവും പൂർത്തിയാകില്ലെന്ന് വ്യക്തമായപ്പോഴാണ് 2025 മേയ് 30 വരെ സമയം നീട്ടിയത്.

മൂന്നിടത്ത് ആകാശ നടപ്പാത
രാമനാട്ടുകര–വെങ്ങളം പാതയിൽ 3 ഇടത്ത് ഫുട് ഓവർ ബ്രിജ് (എഫ്ഒബി) സ്ഥാപിക്കും. 3 സ്കൂൾ പരിസരങ്ങളിലാണിത്. പന്തീരാങ്കാവ് കൊടൽനടക്കാവ് ജിയുപി സ്കൂൾ, രാമനാട്ടുകര സേവാമന്ദിരം സ്കൂൾ, പാറമ്മൽ എഎൽപിബി സ്കൂൾ എന്നിവയുടെ പരിസരങ്ങളിലായാണ് ഇവ സ്ഥാപിക്കുക. ഇതിനായി അടിത്തറ നിർമാണം ആരംഭിച്ചു. കൊടൽനടക്കാവ് ജിയുപി സ്കൂൾ പരിസരത്തേക്കുള്ള ആദ്യ എഫ്ഒബി പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനു മുന്നിലായി സ്ഥാപിക്കും. 2.5 മീറ്റർ ഉയരവും 3 മീറ്റർ വീതിയുമാണ് ഓരോ എഫ്ഒബിക്കും ഉണ്ടാകുക. റോഡിൽനിന്ന് 5.80 മീറ്റർ ഉയരത്തിലായിരിക്കും ഇവ സ്ഥാപിക്കുക.
പാലങ്ങളിൽ മൂന്നും പൂർത്തിയായി
പുഴയ്ക്കു കുറുകെ നിർമിക്കുന്ന 4 പാലങ്ങളിൽ മാമ്പുഴ, പുറക്കാട്ടിരി, അറപ്പുഴ എന്നിവയുടെ കോൺക്രീറ്റ് പൂർത്തിയായി. ഇതിൽ പുറക്കാട്ടിരി പാലം ഗതാഗതത്തിനു തുറന്നു. മാമ്പുഴ, അറപ്പുഴ എന്നിവിടങ്ങളിൽ അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാക്കിയശേഷം ടാറിങ് നടത്തണം. കോരപ്പുഴയിൽ പാലം നിർമാണത്തിന്റെ ഭാഗമായ ഗർഡർ സ്ഥാപിക്കൽ തുടരുകയാണ്. രാമനാട്ടുകര–വെങ്ങളം പാതയിൽ നീളം കൂടിയ പാലവും ഇതാണ്. 14 സ്പാനുകളോടുകൂടിയ പാലത്തിന് 80 ഗർഡറുകളാണ് സ്ഥാപിക്കാനുള്ളത്. അതിൽ 26 എണ്ണമാണ് സ്ഥാപിക്കാൻ ബാക്കി. അടുത്ത മാസം ഈ പാലത്തിന്റെ കോൺക്രീറ്റിങ് നടക്കും.
മേൽപാലങ്ങൾ ഏഴും തയാർ
വെങ്ങളം, പൂളാടിക്കുന്ന്, തൊണ്ടയാട്, ഹൈലൈറ്റ്, പന്തിരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര എന്നിവിടങ്ങളിലാണ് മേൽപാലങ്ങൾ പൂർത്തിയായത്. അതിൽ വെങ്ങളത്തും പൂളാടിക്കുന്നിലും മാത്രം ഒരു ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണം ബാക്കിയുണ്ട്. തൊണ്ടയാടും രാമനാട്ടുകരയിലും നിലവിൽ മേൽപാലങ്ങളുള്ളതിനാൽ പുതുതായി ഓരോന്നു വീതമാണ് നിർമിച്ചത്. അഴിഞ്ഞിലം, പന്തീരാങ്കാവ്, ഹൈലൈറ്റ് മാൾ, പൂളാടിക്കുന്ന്, വെങ്ങളം എന്നിവിടങ്ങളിൽ മേൽപാലങ്ങൾ രണ്ടും പുതിയവയാണ്.
ഓവർ പാസുകൾ രണ്ടും തയാറാകുന്നു
മലാപ്പറമ്പ് ജംക്‌ഷനിൽ നിർമിക്കുന്ന വെഹിക്കിൾ ഓവർ പാസിന് ഇന്ന് 14 ഗർഡറുകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കരാറുകാർ. സജ്ജീകരണങ്ങൾ പൂർത്തിയായാൽ ഉച്ചയോടെ ഗർഡറുകൾ സ്ഥാപിക്കും. 22 ദിവസം കഴിഞ്ഞാൽ കോൺക്രീറ്റ് നടക്കും. ഗർഡർ സ്ഥാപിക്കൽ പൂർത്തിയായ വേങ്ങേരി ഓവർ പാസിന്റെ കോൺക്രീറ്റിങ് രണ്ടാഴ്ചയ്ക്കകം നടക്കും.

മാളിക്കടവിൽ പഴയ അടിപ്പാത തുറന്നു;പുതിയ അടിപ്പാത 20 ദിവസത്തിനകം
ദേശീയപാതയിൽ കൃഷ്ണൻനായർ റോഡിലെ പഴയ അടിപ്പാത ഗതാഗതത്തിനു തുറന്നു. മാളിക്കടവിലെ പുതിയ അടിപ്പാത നിർമിക്കുന്നതിന്റെ ഭാഗമായി പഴയ അടിപ്പാത 4 മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. പുതിയ അടിപ്പാതയുടെ കോൺക്രീറ്റ് പൂർത്തിയായതോടെയാണ് പഴയ അടിപ്പാത തുറന്നത്. 20 ദിവസത്തിനകം പുതിയ അടിപ്പാതയും തുറക്കും. പഴയ അടിപ്പാത 4.50 മീറ്റർ വീതിയിലായിരുന്നു. പുതിയ അടിപ്പാത വരുന്നത് 5.80 മീറ്റർ വീതിയിലാണ്. ഇവിടെ അടിപ്പാതയിലേക്ക് ഇരുഭാഗത്തുനിന്നും വന്നുചേരുന്ന അപ്രോച്ച് റോഡ് നിർമാണത്തിന്റെ അവസാനഘട്ടത്തിലാണ്.

പുഴയ്ക്കു കുറുകെയും 6 വരി
ദേശീയപാത 6 വരിയായി നവീകരിക്കുന്ന കരാർ നൽകുമ്പോൾ 4 പാലങ്ങളും 2 വരിയായിരുന്നു. 3 വരിയിൽ പുതിയ പാലം പണിത് പാലങ്ങൾ 5 വരിയാക്കാനായിരുന്നു കരാർ. എന്നാൽ പിന്നീട് കേന്ദ്രസർക്കാർ ഇതിൽ മാറ്റം വരുത്തി 3 വരിയുടെ മറ്റൊരു പാലം കൂടി നാലിടത്തും നിർമിക്കാൻ തീരുമാനിച്ചു. ഇതിനു ടെൻഡർ ക്ഷണിച്ചപ്പോൾ നിലവിലുള്ള കരാറുകാർക്കു തന്നെ ഈ പ്രവൃത്തിയുടെ കരാറും ലഭിച്ചു. അങ്ങനെയാണ് പാലങ്ങൾ 8 വരിയിലേക്ക് മാറിയത്. ആറുവരിപ്പാതയ്ക്കു പുറമേയുള്ള നാലിടത്തും പുഴകൾക്കു കുറുകെ ഇരുഭാഗത്തുമായി ഓരോ വരി വീതം അപ്രോച്ച് റോഡായി മാറും.

പാലങ്ങളും പാതയുടെ മാതൃകയിൽ 3 വരി വീതമുള്ള 2 ഭാഗങ്ങളായിരിക്കും. എല്ലാ പാലത്തിലും അപ്രോച്ച് റോഡിൽ നിന്ന് ദേശീയ പാതയിലേക്ക് കടക്കാം. എല്ലാ പാലത്തിലും നടപ്പാതയുമുണ്ടാകും. 3 വരിയിൽ പുതിയ പാലത്തിന് നാലിടത്തും കരാർ നൽകിയത് കഴിഞ്ഞ മാസമാണ്. ഒന്നര വർഷമാണ് നിർമാണ കാലാവധി. അതിനാൽ രാമനാട്ടുകര–വെങ്ങളം ദേശീയപാത മേയിൽ പൂർത്തിയാകുമ്പോൾ നാലു പാലങ്ങളും 5 വരിയിൽ മാത്രമേ ഗതാഗതത്തിനു തുറക്കൂ. നിർമാണം പൂർത്തിയാകുന്ന മുറയ്ക്കു പാലവും 6 വരിയായി മാറും.