മലാപ്പറമ്പ്-തൊണ്ടയാട് ദേശീയപാത; സർവീസ് റോഡിനു വീതിയില്ല: വാഹനങ്ങൾ തൂണിൽ ഇടിക്കുന്നു;

Mail This Article
കോഴിക്കോട്∙ മലാപ്പറമ്പ് – തൊണ്ടയാട് ദേശീയപാതയിൽ നിർമാണം പൂർത്തിയായ കുടിൽതോട് ജംക്‌ഷൻ മുതൽ തൊണ്ടയാട് ജംക്‌ഷൻ വരെയുള്ള മേൽപാലത്തിനു കീഴെ ഇടതു സർവീസ് റോഡിൽ വലിയ വാഹനങ്ങൾക്ക് യാത്ര അപകടകരം. തൊണ്ടയാട് ജംക്‌ഷൻ എത്തുന്നതിനു മുൻപ് സർവീസ് റോഡിൽ വീതി കുറഞ്ഞതോടെ ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ മേൽപാലത്തിന്റെ തൂണിന്റെ സ്പാനിൽ ഇടിക്കുന്നത് പതിവായി. അപകടം ഒഴിവാക്കാൻ എൻഎച്ച്എഐ ഉദ്യോഗസ്ഥർ സർവീസ് റോഡിൽ താൽക്കാലികമായി മുന്നറിയിപ്പ് ബോർഡ് വച്ചാണു പ്രശ്നം പരിഹരിച്ചത്.
എന്നാൽ മലാപ്പറമ്പ് ഭാഗത്തു നിന്നു കണ്ടെയ്നർ ലോറികളും പാചക വാതക സിലിണ്ടർ ലോറിയും മെഡിക്കൽ കോളജ് ഭാഗത്തേക്ക് ഇതുവഴിയാണ് സർവീസ് നടത്തുന്നത്. നിലവിൽ ഇത്തരം വലിയ ലോറികൾ പാലത്തിൽ തട്ടുന്നതിനാൽ ദേശീയപാതയിൽ പാച്ചാക്കിൽ ജംക്‌ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു 5 കിലോമീറ്റർ അധികം സഞ്ചരിച്ചാണ് മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകുന്നത്. സർവീസ് റോഡ് നിർമിച്ചിട്ടും വലിയ വാഹനങ്ങൾക്ക് മേൽപാലത്തിൽ തട്ടി യാത്ര തടസ്സം ഉണ്ടായതിൽ പരാതി ഉയർന്നതോടെ എൻഎച്ച്എഐ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു.
മേൽപാലം ഈ ഭാഗത്തു വളവായതിനാൽ താഴെ സ്പാൻ പുറത്തേക്ക് നിൽക്കുകയാണ്. വാഹനങ്ങൾ ഇടിച്ചു പാലത്തിനു കേടുപാടുകൾ വരാൻ സാധ്യത ഉണ്ടെന്നു കണ്ടെത്തി. ഈ സാഹചര്യത്തിൽ തൊണ്ടയാട് മുതൽ കുടിൽതോട് ഭാഗത്തേക്കുള്ള പാലത്തിന്റെ 6,7 സ്പാനിന്റെ താഴെ 100 മീറ്റർ നിലവിലുള്ള സർവീസ് റോഡ് വീതി കൂട്ടാൻ തീരുമാനിച്ചു. ഈ ഭാഗത്ത് നിലവിൽ റോഡിനു സ്ഥലം കുറവുള്ളതിനാൽ ഓടയുടെ കോൺക്രീറ്റ് സ്ലാബ് പൊളിച്ചു റോഡിനു സമാനമായി പുനർനിർമിച്ചു റോഡ് വീതി കൂട്ടുമെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ പറഞ്ഞു.