നടുവണ്ണൂരിൽ പെട്രോൾ പമ്പിലെ ചോർച്ച: ആശങ്ക മാറാതെ നാട്ടുകാർ; 8 മാസം കഴിഞ്ഞിട്ടും പരിഹാരം ഇല്ല

Mail This Article
നടുവണ്ണൂർ∙ സംസ്ഥാന പാതയിൽ നടുവണ്ണൂർ ജവാൻ ഷൈജു സ്മാരക ബസ് സ്റ്റോപ്പിനടുത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോൾ പമ്പിൽ ഇന്ധന ചോർച്ചയുണ്ടായി 8 മാസം കഴിഞ്ഞിട്ടും പരിഹാരം കാണാത്തതിൽ നാട്ടുകാർ ആശങ്കയിൽ. പമ്പിന് സമീപമുള്ള കിണറുകളിലും ജലസ്രോതസ്സുകളിലും ഇന്ധനത്തിന്റെ ഗന്ധവും അസാധാരണ നിറവും രുചിവ്യത്യാസവും ഇപ്പോഴും നിലനിൽക്കുകയാണ്. പമ്പിന്റെ പരിസരത്തുള്ള വീടുകളിൽ ശുദ്ധജലം മുടങ്ങിയിട്ട് 8 മാസമായി. ജല മലിനീകരണം മൂലം ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നതും നാട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്. കിണറുകൾ മലിനീകരിക്കപ്പെട്ടത് മാത്രമല്ല ഇതിന്റെ ദീർഘകാല ഫലങ്ങൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്നാണ് നാട്ടുകാരുടെ ആവശ്യം.
നാട്ടുകാർ പെട്രോൾ പമ്പ് അധികൃതരോടും പ്രാദേശിക ഭരണകൂടത്തിനും അനുബന്ധ വകുപ്പിലും ഒട്ടേറെ തവണ പരാതി നൽകിയിട്ടും ഇതുവരെ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടില്ല. ജനകീയ കൂട്ടായ്മയും നന്മ റസിഡന്റ്സ് അസോസിയേഷനും ചേർന്ന് മലിനീകരണത്തിനെതിരെ കർമ സമിതി രൂപീകരിച്ചിട്ടുണ്ട്. പമ്പ് ഉടമയുടെ നിരുത്തരവാദപരമായ നടപടിക്ക് എതിരെ കർമ സമിതി കലക്ടർക്കും ബന്ധപ്പെട്ട വകുപ്പിലും നൽകിയ പരാതി പ്രകാരം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കഴിഞ്ഞ ജൂലൈയിൽ സ്ഥലം സന്ദർശിച്ചിരുന്നു.
നിർമാണത്തിൽ അപാകത ഉള്ളതായി കണ്ടെത്തിയിരുന്നു. ഓഗസ്റ്റിൽ നിർദേശങ്ങൾ പാലിച്ചു പ്രവൃത്തി നടത്തണമെന്ന് പമ്പ് ഉടമയെ അറിയിച്ചതാണ്. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് പിന്നീട് പമ്പ് പ്രവർത്തിച്ചത്. സംസ്ഥാന മലിനീകരണ ബോർഡിന്റെ നിർദേശങ്ങൾ പാലിക്കാതെ പ്രവർത്തിച്ചത് മൂലം ഇന്ധന ചോർച്ച കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. ഈ മാസം 8ന് നടുവണ്ണൂർ പഞ്ചായത്ത് സെക്രട്ടറി പെട്രോൾ പമ്പിനു സ്റ്റോപ്പ് മെമ്മോ നൽകിയതിനെ തുടർന്ന് പമ്പ് അടച്ചിരിക്കുകയാണ്.
പഞ്ചായത്ത് നടപടിക്രമങ്ങൾ ധിക്കരിച്ചു പമ്പ് തുറന്നു പ്രവർത്തിപ്പിക്കാനുള്ള ഉടമകളുടെ ശ്രമം പഞ്ചായത്ത് സെക്രട്ടറിയുടെയും ബാലുശ്ശേരി പൊലീസിന്റെയും ഇടപെടലിൽ നിർത്തിവച്ചിരിക്കുകയാണ്. മലിനമായ ജലസ്രോതസ്സുകൾ ശുദ്ധീകരിക്കുന്നതിനും ഉത്തരവാദികൾക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുന്നതിനും അധികൃതർ തയാറാകണമെന്ന് കർമ സമിതി ഭാരവാഹികളായ സമീർ മേക്കോത്ത്, രാമചന്ദ്രൻ തിരുവോണം, യൂസഫ് മേക്കോത്ത് എന്നിവർ ആവശ്യപ്പെട്ടു.