രാമനാട്ടുകര മിനി സ്റ്റേഡിയം; കുരുക്കഴിഞ്ഞ് യാഥാർഥ്യത്തിലേക്ക്

Mail This Article
രാമനാട്ടുകര ∙ നഗരസഭ മിനി സ്റ്റേഡിയം നിർമാണത്തിന് ഏറ്റെടുത്ത ഭൂമി തരം മാറ്റാൻ മന്ത്രിസഭയുടെ അംഗീകാരം. സ്റ്റേഡിയത്തിന് ഏറ്റെടുത്ത ഭൂമിക്ക് നെൽവയൽ–നീർത്തട സംരക്ഷണ നിയമത്തിന്റെ സാങ്കേതിക തടസ്സങ്ങളുണ്ടായ പശ്ചാത്തലത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഇടപെട്ടാണ് വിഷയം മന്ത്രിസഭയുടെ മുൻപിൽ എത്തിച്ചത്.ഭൂമി സ്വഭാവ വ്യതിയാനം വരുത്തുന്നതിനു സമർപ്പിച്ച അപേക്ഷയിൽ നേരത്തേ സംസ്ഥാന നെൽവയൽ നീർത്തട സംരക്ഷണ സമിതി അനുമതി നിഷേധിച്ചിരുന്നു. ആവശ്യമായ ഭേദഗതികളോടെ അനുമതി ലഭ്യമാക്കാൻ നടപടി ആവശ്യപ്പെട്ട് മന്ത്രി പി.പ്രസാദിന്, മന്ത്രി മുഹമ്മദ് റിയാസ് കത്തു നൽകുകയുണ്ടായി.
തുടർന്നാണ് പ്രത്യേക അജൻഡയായി വിഷയം മന്ത്രിസഭ പരിഗണിച്ച് അംഗീകാരം നൽകിയത്. വർഷങ്ങൾ നീണ്ട തടസ്സങ്ങൾ നീങ്ങിയതോടെ കായികപ്രേമികളുടെ ചിരകാല അഭിലാഷങ്ങളിലൊന്നായ സ്റ്റേഡിയം സഫലീകരിക്കാനുള്ള നടപടികൾക്ക് പുതിയ ഗതിവേഗം കൈവരികയാണ്. സ്റ്റേഡിയം നിർമിക്കാൻ 7ാം വാർഡിലെ മാളീരിത്താഴത്ത് 2010ൽ 2.4 ഏക്കർ അന്നത്തെ പഞ്ചായത്ത് അധികൃതർ ഏറ്റെടുത്തിരുന്നു. 10.4 ലക്ഷം രൂപ ചെലവിട്ടു മാളീരിത്താഴം ചാലിയിൽ വയൽ പ്രദേശമാണു സ്റ്റേഡിയത്തിനു വാങ്ങിയത്. ഇതു തരം മാറ്റുന്നതിനു സർക്കാർ അനുമതി ലഭിക്കാത്തതായിരുന്നു നിർമാണം തുടങ്ങുന്നതിലെ തടസ്സം. സംസ്ഥാന നെൽവയൽ നീർത്തട സംരക്ഷണ സമിതിയിൽ നിന്നു പ്രത്യേക അനുമതി വാങ്ങി നിർമാണം നടത്താനായിരുന്നു ലക്ഷ്യം.
ഇതിനു ചീഫ് ടെക്നിക്കൽ എക്സാമിനറുടെ അനുമതിയായെങ്കിലും തുടർനടപടികൾ അനിശ്ചിതമായി നീളുകയായിരുന്നു. തുടർന്നാണ് മന്ത്രിയുടെ ഇടപെടലിൽ പദ്ധതി യാഥാർഥ്യത്തിലേക്ക് നീങ്ങുന്നത്. രാമനാട്ടുകര നഗരസഭയിൽ മിനി സ്റ്റേഡിയം നിർമാണ അനുമതി സംബന്ധിച്ച് രാമനാട്ടുകര റസിഡന്റ്സ് അസോസിയേഷൻ ഏകോപന സമിതി ഹൈക്കോടതിയെ സമീപിക്കുകയും ഉടൻ നടപടി സ്വീകരിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.മിനി സ്റ്റേഡിയം സജ്ജമാകുന്നതോടെ രാമനാട്ടുകരയുടെ ആരോഗ്യ കായിക വിനോദ മേഖലകളിൽ വലിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.