കൊടുവള്ളി നഗരസഭാ ഓഫിസ് കെട്ടിടം പൊളിക്കുന്നത് നീളുന്നു; പുതിയ കെട്ടിടം പണിയണ്ടേ?

Mail This Article
കൊടുവള്ളി∙ കൊടുവള്ളി നഗരസഭയുടെ നിലവിലെ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടി നിയമക്കുരുക്ക് കാരണം നീളുന്നു. നിലവിൽ കെട്ടിടത്തിന്റെ താഴെ നിലയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്‌ഥാപനങ്ങൾക്ക് പുതിയ കെട്ടിടത്തിൽ കടമുറികൾ അനുവദിക്കുന്നതിൽ നഗരസഭ രേഖാമൂലം ഉറപ്പുനൽകണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ കോടതിയെ സമീപിച്ചതോടെയാണ് പൊളിക്കൽ നടപടി നീളുന്നത്.
താമരശ്ശേരി കോടതിയിലും, ഹൈക്കോടതിയിലും നിയമ പോരാട്ടം തുടരുമ്പോൾ പദ്ധതി അനന്തമായി നീളുകയാണ്. ഈ സാഹചര്യത്തിൽ കോടതിക്ക് പുറത്ത് സമവായ ശ്രമങ്ങൾ ശക്തമാക്കണമെന്ന ആവശ്യമുയർന്നിരിക്കുകയാണ്. 45 വർഷം പഴക്കമുളള കെട്ടിടത്തിന്റെ സ്ലാബുകളും തൂണുകളും പല ഭാഗങ്ങളിലായി അടർന്ന് വീഴുന്നത് പതിവാണ്.
പുതിയ കെട്ടിട നിർമാണത്തിന് ആവശ്യമായ 4.5 കോടി രൂപ നഗരസഭ വകയിരുത്തി അംഗീകാരം നേടുകയും നിർമാണത്തിന് കൊച്ചിയിലെ എഫ്ആർബിഎൽ കമ്പനി ടെൻഡർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. വർഷങ്ങളായി കെട്ടിടത്തിൽ കട നടത്തുന്ന വ്യാപാരികൾക്ക് പുതിയ കെട്ടിടത്തിൽ അർഹമായ പരിഗണനയോടെ കടമുറികൾ അനുവദിക്കണമെന്നാണ് വ്യാപാരി സംഘടനകൾ ആവശ്യപ്പെടുന്നത്.
എന്നാൽ ഇക്കാര്യത്തിൽ നഗരസഭ രേഖാമൂലമുള്ള ഉറപ്പ് നൽകിയിട്ടില്ല. വ്യാപാരികളെ പുനരധിവസിപ്പിക്കാൻ ആവശ്യമായ നടപടികളെക്കുറിച്ച് ചർച്ച ചെയ്ത് പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണാൻ സർവകക്ഷി യോഗം വിളിക്കണമെന്ന ആവശ്യവും ശക്തമാണ്.