10.5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ

Mail This Article
കോഴിക്കോട്∙ വിൽപനയ്ക്കായി എത്തിച്ച 10.5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ. ഗോർഡിയ ഖനിപുർ സ്വദേശി രമേശ് ബാരിക് (34), കൊർദ ബാങ്കോയി സ്വദേശി ആകാശ് ബലിയാർ സിങ് (35) എന്നിവരെയാണ് കോഴിക്കോട് സിറ്റി നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും മെഡിക്കൽ കോളജ് എസ്ഐ വി.ആർ.അരുണിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളജ് പൊലീസും ചേർന്ന് വെള്ളിപ്പറമ്പ് അഞ്ചാം മൈലിൽ വച്ച് പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ 4 ലക്ഷത്തോളം രൂപ വില വരും.
മെഡിക്കൽ കോളജ്, വെള്ളിപറമ്പ് ഭാഗങ്ങൾ കേന്ദ്രീകരിച്ച് യുവാക്കളെയും അതിഥിത്തൊഴിലാളികളെയും ലക്ഷ്യമിട്ട് ലഹരിമാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഒഡീഷയിൽ നിന്ന് വൻ തോതിൽ കഞ്ചാവ് കൊണ്ടുവന്ന് ആവശ്യക്കാരെ കണ്ടെത്തി ചെറിയ പൊതികളിലാക്കി വിതരണം ചെയ്യുന്നതാണ് രീതി. അതിഥിത്തൊഴിലാളികൾ ഏറെയുള്ള കുറ്റിക്കാട്ടൂർ, വെള്ളിപറമ്പ് ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വിൽപന. പകൽ സമയങ്ങളിൽ മറ്റു ജോലിക്ക് പോകുകയും രാത്രികാലങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തുകയുമായിരുന്നു.
ഡാൻസാഫ് ടീമിന്റെ ഈ മാസത്തെ അഞ്ചാമത്തെ വലിയ ലഹരിവേട്ടയാണിത്. ഡാൻസാഫ് എസ്ഐ മനോജ് ഇടയേടത്, എസ്ഐ കെ.അബ്ദുറഹ്മാൻ, കെ.അഖിലേഷ്, അനീഷ് മൂസേൻവീട്, എം.കെ.ലതീഷ്, പി.കെ.സരുൺ കുമാർ, ഷിനോജ് മംഗലശ്ശേരി, പി.അഭിജിത്ത്, കെ.എം.മുഹമ്മദ് മഷ്ഹൂർ, മെഡിക്കൽ കോളജ് എസ്ഐമാരായ സി.സന്തോഷ്, പി.രാജേഷ്, എസ്‌സിപിഒ സി.വിനോദ്, പി.ഒ.ജിതിൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.