കപ്പൽച്ചാലിൽ ഡ്രജിങ്; പരിസ്ഥിതി ആഘാത പഠനം തുടങ്ങി

Mail This Article
ബേപ്പൂർ ∙ അടിത്തട്ടിലെ പാറ പൊട്ടിച്ച് തുറമുഖ കപ്പൽച്ചാൽ ഡ്രജിങ് നടത്തുന്നതിനു മുന്നോടിയായുള്ള പരിസ്ഥിതി ആഘാതപഠനം തുടങ്ങി. കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയാണ് പഠനം നടത്തുന്നത്. ഇതിന്റെ ഭാഗമായി സയന്റിസ്റ്റ് ഡോ.റെജി ശ്രീനിവാസൻ, പ്രോജക്ട് അസിസ്റ്റന്റ് കെ.സച്ചിദാനന്ദൻ, പ്രോജക്ട് സയന്റിസ്റ്റ് പി.വിമൽ എന്നിവർ തുറമുഖത്തെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. നിലവിൽ 3.5 മീറ്റർ ആഴമുള്ള കപ്പൽച്ചാൽ 8 മീറ്ററാക്കി ആഴം കൂട്ടിയാൽ ഉണ്ടായേക്കാവുന്ന ആഘാതങ്ങൾ സംബന്ധിച്ചാണ് സംഘം പഠനം നടത്തുന്നത്.
പ്രകൃതിയിലെ മാറ്റം, പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങൾ, ജൈവവൈവിധ്യം, നദിയുടെ ഒഴുക്ക് എന്നിവയെല്ലാം പഠന വിധേയമാക്കുന്നുണ്ട്. പൊതുജനങ്ങളുടെ അഭിപ്രായവും നിർദേശവും കേൾക്കും. ഹൈഡ്രോഗ്രഫിക് മറൈൻ സർവേ വിഭാഗം നടത്തിയ പരിശോധനയിൽ തുറമുഖ വാർഫ് ബേസിൻ മുതൽ അഴിമുഖം വരെയുള്ള 3 കിലോമീറ്റർ കപ്പൽച്ചാലിൽ ഏതാണ്ട് 22 ലക്ഷം ക്യുബിക് മീറ്റർ പാറയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതു പൊട്ടിച്ചെടുത്താൽ മാത്രമേ ഫലപ്രദമായി ആഴം കൂട്ടാനാകൂ. ഇതിനു വേണ്ടിയാണ് പരിസ്ഥിതി ആഘാതപഠനം നടത്താൻ ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തെ ചുമതലപ്പെടുത്തിയത്.
6 മാസം കൊണ്ടു പഠന റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. നിലവിലെ തീരദേശ നിയന്ത്രണ മേഖല സ്റ്റേറ്റസും പരിശോധിക്കുന്നുണ്ട്. മുഴുവൻ പാറയും പൊട്ടിച്ചുനീക്കി ആഴം കൂട്ടുന്നതിനു 83 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്കു സമർപ്പിച്ചിട്ടുണ്ട്. കപ്പൽച്ചാലിലെ പാറക്കെട്ടുകൾ പൂർണമായും പൊട്ടിച്ചു നീക്കിയാൽ മാത്രമേ ബേപ്പൂരിലേക്ക് വലിയ കപ്പലുകൾ അടുപ്പിക്കാൻ സാധ്യമാകൂ. പരിസ്ഥിതി ആഘാതപഠന റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് ടെൻഡർ നടപടികൾ പൂർത്തിയാക്കി കപ്പൽച്ചാൽ ഡ്രജിങ് നടത്താനാണ് മാരിടൈം ബോർഡ് പദ്ധതിയിടുന്നത്.