കരാറുകാരുടെ സമരം: റേഷൻ കടകളിൽ അരിയും ഗോതമ്പും തീർന്നു

Mail This Article
കോഴിക്കോട്∙ ജില്ലയിലെ ഭൂരിഭാഗം റേഷൻ കടകളിലും അരിയും ഗോതമ്പും തീർന്നു. ഗോഡൗണുകളിൽ നിന്നു റേഷൻ കടകളിലേക്കു ചരക്ക് എത്തിക്കുന്ന കരാറുകാർ മാസങ്ങളായി പ്രതിഫലം ലഭിക്കാത്തതിനാൽ ഈ മാസം ഒന്നിന് ആരംഭിച്ച സമരം നീളുകയാണ്. ചില കടകളിൽ വെള്ള കാർഡുകാർക്കും നീല കാർഡുകാർക്കും നൽകാനുള്ള അരി കുറച്ചു സ്റ്റോക്കുണ്ട്. മഞ്ഞ, പിങ്ക് കാർഡുകൾക്കു സൗജന്യമായി നൽകുന്ന അരി സ്റ്റോക്കില്ല. 27 മുതൽ റേഷൻ വ്യാപാരികളും അനിശ്ചിതകാല സമരം ആരംഭിക്കുകയാണ്. ജില്ലയിൽ സമരം പൂർണമായിരിക്കുമെന്നു റേഷൻ ഡീലേഴ്സ് കോഓർഡിനേഷൻ ജില്ലാ ചെയർമാൻ എം.എം.സൈനുദ്ദീൻ, ജനറൽ കൺവീനർ കെ.പി.അഷറഫ് എന്നിവർ പറഞ്ഞു.
വടകര താലൂക്കിലെ റേഷൻ കടകൾ ഭൂരിഭാഗവും കാലിയായി. തുറന്നവയിൽ അവശേഷിക്കുന്നത് ഒരിനം അരി കുത്തരി (മട്ട) മാത്രം. ഇതിന് ആവശ്യക്കാർ കുറവായതു കൊണ്ട് റേഷൻ കടകളിൽ തിരക്കൊഴിഞ്ഞു. 2 ദിവസം കൂടി സമരം തുടർന്നാൽ കടകളിൽ ഒരു ഇനം അരി പോലും ബാക്കിയുണ്ടാവില്ല. ഇപ്പോൾ നിത്യം 500 രൂപയുടെ കച്ചവടം പോലും നടക്കാത്ത കടകളുണ്ട്. സമരം തുടർന്നാൽ റേഷൻ കടകളിൽ ഒരു മണി പോലും അരി ഉണ്ടാകില്ലെന്ന് റേഷൻ റീട്ടെയ്ൽ ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടറി കെ.പി.ബാബു പറഞ്ഞു.
വേതന പാക്കേജ് പുതുക്കാതെ റേഷൻ വ്യാപാരികൾ സമരം പിൻവലിക്കില്ലെന്ന് എകെആർആർഡിഎ സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി പറഞ്ഞു. റേഷൻ വ്യാപാരികൾക്കു ലഭിക്കുന്ന വരുമാനം സംബന്ധിച്ചു മന്ത്രിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണ്. കുറഞ്ഞ വരുമാനത്തിലാണു ഭൂരിപക്ഷം റേഷൻ വ്യാപാരികളും കട നടത്തുന്നത്. 27ന് കടകൾ അടച്ചു റേഷൻ വ്യാപാരികൾ കോഴിക്കോട് സിവിൽ സ്റ്റേഷൻ, വടകര, കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ ധർണ നടത്തും.