ദേശീയ വിനോദ സഞ്ചാര ദിനം; മണിപ്പുർ വിദ്യാർഥികളുടെ അഞ്ചംഗസംഘം ഭാവി കരുപ്പിടിപ്പിക്കാൻ കോഴിക്കോട്ട്

Mail This Article
കോഴിക്കോട്∙ മണിപ്പുരിൽനിന്നെത്തിയ അഞ്ചംഗ വിദ്യാർഥിസംഘം മലയാളത്തിന്റെ ആതിഥേയത്വത്തിൽ വിനോദ സഞ്ചാര മേഖലയിൽ തങ്ങളുടെ ഭാവി കരുപ്പിടിപ്പിക്കുകയാണ്. കോഴിക്കോട് വരക്കൽ ബീച്ചിലെ ഹോസ്പിറ്റാലിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ പൊറോട്ട ഉൾപ്പെടെ കേരളത്തിന്റെ തനതു ഭക്ഷ്യയിനങ്ങൾ തയാറാക്കാൻ പഠിച്ചെടുത്തു ഇവർ. താങ്തോമ വൈപേയ്, കംജോയൽ ഹൗളായ്, ഡാനിയൽ തുൻകോലാൽ കിറ്റ്ഗേൻ, ജോസഫ് ലങ്ഗോഗിൻ ഗൗതങ്, പി.എച്ച്.സിസി വൈപേയ് എന്നിവരാണ് ആ പഠിതാക്കൾ.അഞ്ചംഗ വിദ്യാർഥി സംഘത്തിന് ഏറെ കടമ്പകൾ കടന്നാണ് ഈ കോഴ്സിനു ചേരാനായത്.
സ്വന്തം നാട്ടിലെ ഓർമകളും അനുഭവങ്ങളും ഇവരിൽ പലർക്കും നല്ലതായിരുന്നില്ല. സർട്ടിഫിക്കറ്റുകൾ പലതും തീയിലമർന്ന ഇവരിൽ ചിലർക്ക് മറ്റു വഴികളിലൂടെ ഇവ വീണ്ടെടുത്ത ശേഷമാണ് ഡിപ്ലോമ ഇൻ ഫുഡ് പ്രൊഡക്‌ഷൻ കോഴ്സിനു ചേരാനായത്. എന്നാൽ കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിലെത്തിയ ശേഷമുള്ള ജീവിതത്തെക്കുറിച്ച് ഇവർക്ക് നൂറ് നാവാണ്. സഹപാഠികളുടെ സ്നേഹവും കരുതലും ഇവരെ പുതിയൊരു ജീവിതത്തിലേക്ക് വരവേറ്റു. 2024 ജൂണിൽ ആരംഭിച്ച കോഴ്സിൽ ഒരു വർഷത്തെ ക്ലാസ് റൂം പഠനത്തോടെ ഇന്ത്യയിലെയും വിദേശത്തെയും വിവിധ ഭക്ഷ്യ വിഭവങ്ങൾ തയാറാക്കുന്നതിൽ ഇവർ പ്രാവീണ്യരാകും.
വിനോദ സഞ്ചാര മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ വഴിതുറന്ന് സർക്കാർ മേഖലയിൽ കേരളത്തിലെ ആദ്യ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയത് 2008ൽ ആണ്. ഇഗ്നോയുടെ കീഴിലാരംഭിച്ച ഇവിടത്തെ കോഴ്സുകൾ ഇപ്പോൾ ജെഎൻയുവിനു കീഴിലേക്കു മാറിയിട്ടുണ്ട്. കോഴ്സിനു ശേഷമുള്ള പരിശീലനം വിദ്യാർഥികൾക്ക് കേരളത്തിനു പുറത്ത് ജയ്പുർ, ഗോവ, ഹൈദരാബാദ്, ചെന്നൈ പോലുള്ള നഗരങ്ങളിലെ രാജ്യാന്തര നിലവാരമുള്ള ഹോട്ടലുകളിലാണ് ഒരുക്കുന്നതെന്ന് പ്രിൻസിപ്പൽ ബിജു എം.മാത്യു പറഞ്ഞു. വിവരങ്ങൾക്ക്: 9037098455
ഇപ്പോൾ പ്രവേശനം നേടാം
പ്ലസ് ടു ജയിച്ചവർക്കായി 3 വർഷത്തെ ബിഎസ്‌സി ഹോസ്പിറ്റൽ ആൻഡ് ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷൻ ബിരുദം. ഫെബ്രുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം. ഏപ്രിൽ 27ന് ആണ് 3 മണിക്കൂർ ഓൺലൈൻ പ്രവേശന പരീക്ഷ.
വരാനിരിക്കുന്ന കോഴ്സ്
2025–26 വർഷം ഹോസ്പിറ്റാലിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുന്ന പുതിയ കോഴ്സാണ് ഒന്നര വർഷത്തെ ഡിപ്ലോമ ഇൻ ഫുഡ് ആൻഡ് ബവ്റിജസ്. മേയിൽ അപേക്ഷ ക്ഷണിക്കും. പ്ലസ് ടു പൂർത്തിയാക്കിയവർക്ക് നേരിട്ടു പ്രവേശനം ലഭിക്കും. പ്രവേശനപരീക്ഷയില്ല.