പരീക്ഷാ നടത്തിപ്പിന്റെ സാമ്പത്തിക ബാധ്യത സ്കൂളുകൾക്ക്; കെഎസ്‌യു ഭിക്ഷാടന സമരം നടത്തി

Mail This Article
കോഴിക്കോട്∙ ഹയർ സെക്കൻഡറി പൊതുപരീക്ഷ നടത്തിപ്പിന്റെ സാമ്പത്തിക ബാധ്യത സ്കൂളുകൾ ഏറ്റെടുക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ കെഎസ്‌യു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭിക്ഷാടന സമരം നടത്തി. ഡിഡിഇ ഓഫിസിനു മുന്നിൽ നിന്നാരംഭിച്ച സമരം എസ്എം സ്ട്രീറ്റിലൂടെ കയറിയിറങ്ങി. വിദ്യാഭ്യാസ മന്ത്രിയുടെ മുഖംമൂടി ധരിച്ച് കെഎസ്‌യു പ്രവർത്തകർ പ്രതീകാത്മകമായി ഭിക്ഷയെടുത്തു. ഭിക്ഷയെടുത്ത് കിട്ടിയ തുക പ്രതിഷേധ സൂചകമായി വിദ്യാഭ്യാസ മന്ത്രിക്ക് അയച്ചുനൽകും.
സാധരണ ഗതിയിൽ പരീക്ഷാ നടത്തിപ്പിനുള്ള തുക സ്കൂളുകൾക്ക് സർക്കാർ അനുവദിച്ചു നൽകുകയാണ് പതിവ്. അധികമായി വരുന്ന തുക പരീക്ഷ കഴിഞ്ഞ് സ്കൂളുകൾ സർക്കാരിലേക്ക് തിരിച്ചടയ്ക്കും. പൊതുപരീക്ഷയ്ക്ക് വേണ്ടി വിദ്യാർഥികളിൽ നിന്നു പണം പിരിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ അക്കൗണ്ടിൽ വാങ്ങിവച്ചതിനു ശേഷം, സ്കൂളുകൾ പരീക്ഷാ നടത്തിപ്പിനുള്ള പണം കണ്ടെത്തണമെന്ന് വീണ്ടും പറയുന്നതിനു പിന്നിൽ അഴിമതിയാണെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ് ആരോപിച്ചു. വൈസ് പ്രസിഡന്റുമാരായ എം.പി.രാഗിൻ, ഫായിസ് നടുവണ്ണൂർ, എൻ.പി.റാഫി, ജനറൽ സെക്രട്ടറിമാരായ മുആദ് നരിനട, വിഷ്ണു പി. ചാത്തമംഗലം, മെബിൻ പീറ്റർ, വി.വി.ഗോപിക, ആദിൽ മുണ്ടിയത്ത്, സെക്രട്ടറിമാരായ വി.കെ.ആയിഷ, അർപ്പിത് മണ്ണൂർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.