ഭൂമി തരംമാറ്റ പ്രശ്നം: ലൈഫ് പദ്ധതി വീട് നിർമാണം തുടങ്ങാനായില്ല

Mail This Article
ചേളന്നൂർ∙ അമ്പലപ്പാട് മൂന്നാംമുണ്ട തരിയോട് നിലത്തെ 10 സെന്റിൽ നിലം പൊത്താറായ ഓല ഷെഡിൽ കഴിയുന്ന ജാനകി അമ്മയ്ക്ക് (75) ലൈഫ് പദ്ധതിയിൽ വീടിനു പണം അനുവദിച്ചെങ്കിലും തരം മാറ്റി ലഭിക്കാത്തതിനാൽ പ്രവൃത്തി തുടങ്ങാനായില്ല. തരം മാറ്റി ലഭിക്കാനായി 2022 ഡിസംബർ 23ന് ജാനകി അമ്മ സബ് കലക്ടർ ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. ഇതു പ്രകാരം വില്ലേജ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷം സബ് കലക്ടർ ഓഫിസിലേക്ക് റിപ്പോർട്ടും നൽകി. പിന്നീട് സബ് കലക്ടർ ഓഫിസിൽ നിന്നു വന്നു പരിശോധന നടത്തി.
പ്രതീക്ഷയുമായി ജാനകി അമ്മ കാത്തിരിക്കുമ്പോഴാണ് സ്ഥലത്തിന്റെ ഉപഗ്രഹ സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന അറിയിപ്പു വന്നത്. നിത്യജീവിതത്തിനു പോലും വകയില്ലാതെയാണ് ജാനകി അമ്മ ഓല ഷെഡിൽ കഴിയുന്നത്. നിലവിൽ തരം മാറ്റപ്പെട്ട സ്വഭാവത്തിലുള്ള 5 സെന്റ് ഭൂമി മറ്റു പരിഗണനകളില്ലാതെ ഡേറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കി നൽകണമെന്ന് ചേളന്നൂർ ഭരണ സമിതി യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച ഭരണ സമിതി തീരുമാനം കലക്ടറെ അറിയിച്ചിട്ടുണ്ടെന്നു പ്രസിഡന്റ് പി.പി.നൗഷീർ പറഞ്ഞു.