കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം: അൺ റിസർവ്ഡ് ടിക്കറ്റുകൾക്ക് പുതിയ കൗണ്ടറുകൾ

Mail This Article
കോഴിക്കോട്∙ അൺറിസർവ്ഡ് ടിക്കറ്റ് നൽകാനായി ഒന്നാം പ്ലാറ്റ്ഫോമിലെ തെക്കുഭാഗത്തെ നടപ്പാതയുടെ സമീപത്തായി താൽക്കാലിക കൗണ്ടറുകൾ തയാറാകുന്നു. ഒരാഴ്ചയ്ക്കകം ഇതിന്റെ നിർമാണം പൂർത്തിയാക്കി ടിക്കറ്റ് കൗണ്ടറുകൾ ഇവിടേക്കു മാറ്റും. റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് ഒന്നാം പ്ലാറ്റ്ഫോമിലെ കെട്ടിടങ്ങൾ പൊളിക്കുന്നതിന്റെ ഭാഗമായാണ് മാറ്റം. ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകൾ പതിവുപോലെ പ്രവർത്തിക്കും. 1, 4 പ്ലാറ്റ്ഫോമുകളിൽ 6 എണ്ണം വീതം പ്രവർത്തിക്കുന്നുണ്ട്.
ഒന്നാം പ്ലാറ്റ്ഫോമിലെ കെട്ടിടം പൊളിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി എസി പെയ്ഡ് ലൗഞ്ച്, വനിത വിശ്രമമുറി എന്നിവ പൂട്ടി. ക്ലോക്ക് റൂം നാലാം പ്ലാറ്റ്ഫോമിലേക്കു മാറ്റി. 2 പ്ലാറ്റ്ഫോമിനു പുറത്തുമായി 2 പാർക്കിങ് പ്ലാസകളുടെ നിർമാണവും പുരോഗമിക്കുകയാണ്. റെയിൽവേ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് അടുത്തദിവസം കോൺക്രീറ്റിങ് നടക്കും. ഏപ്രിലോടെ ഇതു തുറക്കും.

ഒന്നാം പ്ലാറ്റ്ഫോമിലേക്ക് വാഹനങ്ങൾ ആനിഹാൾ റോഡ് വഴി വരണം
ഒന്നാം പ്ലാറ്റ്ഫോമിൽ നടക്കുന്ന പ്രവൃത്തികളുടെ ഭാഗമായി ഓട്ടോ ഒഴികെയുള്ള വാഹനങ്ങൾ ഒന്നാം പ്ലാറ്റ്ഫോമിലേക്കു വരുന്നതിൽ പുതിയ ക്രമീകരണം ഏർപ്പെടുത്തി. ഒന്നാം പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കേണ്ട ഓട്ടോ ഒഴികെയുള്ള വാഹനങ്ങൾ ലിങ്ക് റോഡിനു പകരം ആനിഹാൾ റോഡിലൂടെ വന്ന് സ്റ്റേഷൻ കോംപൗണ്ടിൽ എടിഎം കൗണ്ടറുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് അരികിലൂടെയാണ് പ്രവേശിക്കേണ്ടതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ഈ വാഹനങ്ങൾക്ക് യാത്രക്കാരെ ഇറക്കി ബസ് സ്റ്റോപ്പിന് അടുത്തുള്ള പഴയ വഴിയിലൂടെ പുറത്തേക്കു കടക്കാം. അതേസമയം ഓട്ടോകൾക്ക് ലിങ്ക് റോഡ് വഴി നേരെ ഓട്ടോ പാർക്കിങ് ഏരിയയിലേക്കു പോകാം. പുതിയ ക്രമീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായി പാർക്കിങ് സ്ഥലത്തുനിന്ന് ഒരു ഭാഗം ഒഴിപ്പിച്ചെടുത്ത് ടൈലുകൾ പാകുന്ന പ്രവൃത്തി പൂർത്തിയായി വരികയാണ്. അതു പൂർത്തിയായാൽ അകത്തേക്കു പ്രവേശിക്കുന്ന വാഹനങ്ങൾ ആൽമരത്തിനടുത്ത വഴിയിലൂടെ മാത്രമേ പുറത്തേക്കു പോകാവൂ.