പന്നിയും മുള്ളൻപന്നിയും പൊതു ഇടങ്ങളിൽ; ജനങ്ങൾ ഭീതിയിൽ

Mail This Article
കോഴിക്കോട്∙ സിവിൽ സ്റ്റേഷൻ – ചുള്ളിയോട് റോഡിൽ രാത്രി പന്നിയും മുള്ളൻപന്നിയും പൊതു ഇടങ്ങളിൽ ഇറങ്ങിയതോടെ ജനങ്ങൾ ഭീതിയിൽ. പന്നികൾ റോഡിലൂടെ ഓടുന്നതു കാരണം വാഹനാപകടം കൂടി. നാട്ടുകാരുടെ പരാതിയെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം മധുരവനം ഭാഗത്ത് പന്നി റോഡിനു കുറുകെ ഓടി സ്കൂട്ടർ മറിഞ്ഞു യാത്രക്കാരായ 2 പേർക്ക് പരുക്കേറ്റു. 2 ദിവസം മുൻപ് ഇവിടെ രാത്രി ബൈക്കിൽ പന്നി ഇടിച്ചതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചിരുന്നു.
താമരശ്ശേരി വനം വകുപ്പ് ആർആർടിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തി മധുരവനം ഭാഗത്ത് കാടുമൂടിയ പറമ്പിൽ കൂടു വച്ചു. ഈ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പ് വർഷങ്ങളായി കാടു മൂടിയ അവസ്ഥയിലാണ്. ഇവിടെ നിന്നു മുള്ളൻ പന്നിയും ഉടുമ്പ്, പാമ്പ് എന്നിവയും പകൽ സമയവും ഇറങ്ങാറുണ്ട്. കലക്ടറേറ്റിനു 400 മീറ്റർ അകലെയാണ് കാടുമൂടിയ ഈ സ്ഥലം. കോർപറേഷൻ കൗൺസിലർ എം.എൻ.പ്രവീണിന്റെ നേതൃത്വത്തിൽ ഈ ഭാഗത്ത് നേരത്തെ കാട് വെട്ടിയിരുന്നു. പിന്നീട് വീണ്ടും കാടു മൂടി. സ്ഥല ഉടമയുമായി ബന്ധപ്പെട്ടതായി കൗൺസിലർ പറഞ്ഞു. സിവിൽ സ്റ്റേഷൻ, ചുള്ളിയോട്, മീൻപാലക്കുന്ന് ഭാഗങ്ങളിലും പന്നിശല്യമുണ്ട്.