കടലുണ്ടി റെയിൽവേ ലവൽക്രോസിൽ ഇലക്ട്രിക് ഗേറ്റ് സ്ഥാപിച്ചു

Mail This Article
കടലുണ്ടി ∙ റെയിൽവേ ലവൽക്രോസിൽ ഇലക്ട്രോണിക് ലിഫ്റ്റിങ് ബാരിയർ (ഇലക്ട്രിക് റെയിൽവേ ഗേറ്റ്) സ്ഥാപിച്ചു. ഇന്നലെ വൈകിട്ട് കമ്മിഷൻ ചെയ്ത ബാരിയർ പ്രവർത്തിപ്പിച്ചു തുടങ്ങിയതോടെ കൈകൊണ്ടു പ്രവർത്തിപ്പിച്ചിരുന്ന പഴയ ഗേറ്റ് ഒഴിവാക്കി. ആധുനിക സാങ്കേതിക വിദ്യയിൽ പ്രവർത്തിപ്പിക്കുന്ന ഇലക്ട്രിക് ഗേറ്റ് സ്ഥാപിച്ചതോടെ ട്രെയിനുകൾ കടന്നുപോകാൻ ഗേറ്റ് അടയ്ക്കലും തുറക്കലും പെട്ടെന്നു ചെയ്യാനാകുമെന്നതു വാഹന യാത്രക്കാരുടെ കാത്തിരിപ്പു കുറയ്ക്കും. ലവൽ ക്രോസിങ്ങുകളുടെ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പുകളുടെ ഭാഗമായാണ് പാലക്കാട് ഡിവിഷനു കീഴിൽ ഇ ലക്ട്രിക്കൽ ഓപ്പറേറ്റഡ് ലിഫ്റ്റിങ് ബാരിയർ(ഇഒഎൽബി) പദ്ധതിക്ക് തുടക്കമിട്ടത്.
നവംബറിൽ മ ണ്ണൂർ ലവൽക്രോസിൽ ഇലക് ട്രോണിക് ഗേറ്റ് സ്ഥാപിച്ചിരുന്നു. പരമ്പരാഗത സംവിധാനത്തിൽ പ്രവർത്തിച്ചിരുന്ന ഗേറ്റുകൾ അടിക്കടി കേടാകുന്നത് ഏറെ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. മാത്രമല്ല ഇതു പ്രവർത്തിപ്പിക്കാൻ ഗേറ്റ് കീപ്പർമാർക്ക് ശാരീരിക സമ്മർദവും ആവശ്യമാണ്. എന്നാൽ ഇലക്ട്രിക്കൽ ബൂം ലോക്ക്, ലോക്ക് ഡിറ്റക്‌ഷൻ തുടങ്ങിയ സവിശേഷതകളിലൂടെയാണു പുതിയ സംവിധാനം സജ്ജമാക്കിയത്. ഇതു സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വെറും 10 സെക്കൻഡ് കൊണ്ടു പ്രവർത്തിപ്പിക്കാനുമാകും. എന്തെങ്കിലും കാരണവശാൽ ഇലക്ട്രോണിക് ഗേറ്റ് പ്രവർത്തന രഹിതമായാൽ ട്രെയിനുകൾ കടത്തി വിടുന്നതിന് ബദൽ ഗേറ്റ് സംവിധാനവും ലവൽക്രോസിൽ സജ്ജമാക്കിയിട്ടുണ്ട്.