കൂരോട്ടുപാറയിലെ അജ്ഞാത ജീവി; തിരച്ചിൽ തുടങ്ങി

Mail This Article
കോടഞ്ചേരി∙ അജ്ഞാതജീവി കൂരോട്ടുപാറ കുന്നേൽ കലേഷിന്റ വീടിന്റെ പരിസരത്തു തന്നെ ഉണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഒരു നിരീക്ഷണ ക്യാമറ കൂടി സ്ഥാപിച്ചു. ഫോറസ്റ്റ് ആർആർടി സംഘം പട്രോളിങ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ ബോസ് ജേക്കബ്, പഞ്ചായത്ത് മെംബർ ലീലാമ്മ കണ്ടത്തിൽ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിൻസന്റ് വടക്കേമുറിയിൽ, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും സമീപവാസികളും സ്ഥലത്തെത്തി പ്രതിഷേധിച്ചു.
പൊലീസിന്റെ സാന്നിധ്യത്തിൽ കോഴിക്കോട് ആർആർടി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ഇ. പ്രജീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.ടി.അജീഷ്, ഇ.എഡിസൺ എന്നിവരുമായി കോൺഗ്രസ് നേതാക്കളും സമീപവാസികളും ചർച്ച നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെ നിർദേശ പ്രകാരം പ്രദേശത്ത് ഫോറസ്റ്റ് ആർആർടി സംഘം ക്യാംപ് ചെയ്യുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശവാസികൾക്ക് ഉറപ്പുനൽകി. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ അലംഭാവം വെടിഞ്ഞ് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്നും കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകി.