പുലി സാന്നിധ്യം: വനംവകുപ്പ് സംഘം കൂരോട്ടുപാറയിൽ; പരിശോധന നടത്തി

Mail This Article
കോടഞ്ചേരി ∙ പഞ്ചായത്തിലെ കൂരോട്ടുപാറയിൽ പുലി ഇറങ്ങി എന്ന വിവരത്തെ തുടർന്നു വനംവകുപ്പ് ആർആർടി സംഘം സ്ഥലത്ത് പരിശോധന നടത്തി. പരിശോധനയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്ന് സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ പി.വിജയൻ പറഞ്ഞു.വനംവകുപ്പ് എടത്തറ സെക്‌ഷൻ ഉദ്യോഗസ്ഥർ, താമരശ്ശേരി റേഞ്ച് ആർആർടി സംഘം, ആനക്കാംപൊയിൽ ആർആർടി സംഘം, നായർകൊല്ലി, പുതുപ്പാടി ഫോറസ്റ്റ് സെക്‌ഷൻ ഉദ്യോഗസ്ഥർ എന്നിവർ അടങ്ങുന്ന സംയുക്ത സംഘമാണു കൂരോട്ടുപാറ പ്രദേശത്ത് പരിശോധന നടത്തിയത്. എടത്തറ സെക്‌ഷൻ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ (ഗ്രേഡ്) എ.സിനിൽ, ആനക്കാംപൊയിൽ സാറ്റലൈറ്റ് ആർആർടി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ പി.വിജയൻ, കോഴിക്കോട് ആർആർടി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ഇ.പ്രജീഷ്, നായർകൊല്ലി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.മണി തുടങ്ങിയവർ നേതൃത്വം നൽകി.
പുലിയുടെ സാന്നിധ്യം: യുഡിഎഫ് പ്രതിഷേധിച്ചു
കോടഞ്ചേരി ∙ കൂരോട്ടുപാറയിലും പരിസര പ്രദേശങ്ങളിലും അജ്ഞാത ജീവിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും കൂട് സ്ഥാപിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാത്ത വനം വകുപ്പിന്റെ നടപടിയിൽ യുഡിഎഫ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ജനങ്ങൾ പുലിപ്പേടിയിൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. ക്ഷീരകർഷക മേഖലയും റബർ ടാപ്പിങ് മേഖലയും സ്തംഭിച്ചിരിക്കുകയാണെന്നും ഉടൻ പരിഹാര നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോബി ഇലന്തൂർ യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ കെ.എം.പൗലോസ് ആധ്യക്ഷ്യം വഹിച്ചു. കൺവീനർ ജയ്സൺ മേനാക്കുഴി, ട്രഷറർ അബൂബക്കർ മൗലവി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിൻസന്റ് വടക്കേമുറിയിൽ, പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, ജോസ് പൈക, ഫ്രാൻസിസ് ചാലിൽ, ബിജു ഓത്തിക്കൽ, വിൽസൺ തറപ്പേൽ, ലീലാമ്മ കണ്ടത്തിൽ, ജയിംസ് കിഴക്കുംകര, ബേബി കളപ്പുര, റെജി തമ്പി, മാത്യു കുറൂര് എന്നിവർ പ്രസംഗിച്ചു.