ഹോർത്തൂസ് കോലായചർച്ചയും ഗാനാലാപന മത്സരവും 8ന്; ‘പുത്തഞ്ചേരി: വാക്കിന്റെ ഇന്ദ്രജാലം’
Mail This Article
കോഴിക്കോട്∙ പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയേ കിടന്ന് മിഴിവാർക്കവേ, നെറുകിൽ തലോടിയുറക്കാനെത്തുന്നത് ‘ഒരു തെന്നലാ’യിരിക്കില്ല... അത് ഗിരീഷ് പുത്തഞ്ചേരി എഴുതിയ വരികളായിരിക്കും. മലയാളികളുടെ ഹൃദയത്തിലെ മുറിവുകളിൽ വാക്കുകൊണ്ട് മരുന്നുപുരട്ടിത്തന്ന മാന്ത്രികൻ ഗിരീഷ് പുത്തഞ്ചേരി ഓർമയായിട്ട് ഫെബ്രുവരി പത്തിന് 15 വർഷങ്ങൾ തികയുകയാണ്. മലയാള മനോരമ ഹോർത്തൂസ് എല്ലാ മാസവും രണ്ടാം ശനിയാഴ്ച നടത്തുന്ന ഹോർത്തൂസ്– കോലായചർച്ച ഇത്തവണ ഗിരീഷ് പുത്തഞ്ചേരിക്ക് സ്മരണാഞ്ജലി അർപ്പിക്കുകയാണ്. 8ന് നടക്കാവ് മലയാള മനോരമയിൽ നടക്കുന്ന ‘പുത്തഞ്ചേരി: വാക്കിന്റെ ഇന്ദ്രജാലം’ കോലായചർച്ചയിൽ പുത്തഞ്ചേരിയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും സാഹിത്യാസ്വാദകരും പങ്കെടുക്കും. സംവിധായകൻ വി.എം.വിനു, സംഗീതസംവിധായകൻ തേജ് മെർവിൻ എന്നിവരാണ് സംവാദത്തിന് നേതൃത്വം കൊടുക്കുക.
സാഹിത്യകാരനും തിരക്കഥാകൃത്തുമായ ജയൻ ശിവപുരം ചർച്ചകൾക്ക് മോഡറേറ്ററാവും. ഗിരീഷ് പുത്തഞ്ചേരി തിരക്കഥ ഒരുക്കിയ പല്ലാവൂർ ദേവനാരായണൻ എന്ന മമ്മൂട്ടിസിനിമ സംവിധാനം ചെയ്തത് വി.എം.വിനുവാണ്. ‘ബാലേട്ടൻ’, ‘വേഷം’ തുടങ്ങിയ അനേകം സിനിമകളിലൂടെ പുത്തഞ്ചേരിയുടെ മനോഹരമായ ഗാനങ്ങൾ മലയാളിക്ക് സമ്മാനിക്കുകയും ചെയ്തു. കോഴിക്കോട്ടുകാരനും ഗിരീഷ് പുത്തഞ്ചേരിയുടെ സുഹൃത്തുമാണ് സംഗീതസംവിധായകൻ തേജ് മെർവിൻ. ഇരുവരും ചേർന്ന് അനേകം സംഗീതആൽബങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. തേജ് മെർവിൻ സംഗീതം നൽകിയ ‘പ്രജാപതി’, ‘താന്തോന്നി’ തുടങ്ങിയ സിനിമകളിൽ പാട്ടെഴുതിയത് ഗിരീഷ് പുത്തഞ്ചേരിയാണ്. പുത്തഞ്ചേരിയുടെ അടുത്ത സുഹൃത്താണ് നോവലിസ്റ്റും സംവിധായകനുമായ ജയൻ ശിവപുരം.
ഗാനാലാപന മത്സരം: ഇന്നുകൂടി അവസരം
കോഴിക്കോട്∙ മനോരമ ഹോർത്തൂസ് കോലായ ചർച്ചയുടെ ഭാഗമായി നടത്തുന്ന ഗിരീഷ് പുത്തഞ്ചേരി ഗാനാലാപന മത്സരത്തിന് അപേക്ഷിക്കാനുള്ള സമയം ഇന്നു വൈകിട്ട് 5ന് അവസാനിക്കും. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് പങ്കെടുക്കാം. പ്രാഥമിക ഘട്ടത്തിൽ പങ്കെടുക്കാൻ നിങ്ങൾ ഒരു ഗാനം പാടി അതിന്റെ വിഡിയോ ക്ലിപ്പ് 9846061289 എന്ന നമ്പറിലേക്ക് ഇന്നു വൈകിട്ട് 5നു മുൻപ് വാട്സാപ് ചെയ്യണം. പ്രാഥമിക ഘട്ടത്തിൽനിന്ന് വിദഗ്ധ സമിതി തിരഞ്ഞെടുക്കുന്നവർക്ക് 8ന് ഉച്ചയ്ക്ക് 2.30ന് കോഴിക്കോട് നടക്കാവ് മലയാള മനോരമ ഓഫിസിൽ നടക്കുന്ന ഫൈനൽ റൗണ്ട് മത്സരത്തിൽ മാറ്റുരയ്ക്കാം.