തിരഞ്ഞെടുപ്പിനു സജ്ജമാകാൻ ആഹ്വാനം ചെയ്ത് പ്രിയങ്ക

Mail This Article
മുക്കം∙ തദ്ദേശ സ്ഥാപനങ്ങളിലേക്കും തുടർന്നു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും സജ്ജമാകാൻ യുഡിഎഫ് പ്രവർത്തകരെ ആഹ്വാനം ചെയ്ത് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ താഴെ തട്ടിലുള്ള നേതാക്കളെ കാണാനും സംസാരിക്കാനും സംഘടിപ്പിച്ച യുഡിഎഫ് ബൂത്ത് തല നേതൃസംഗമം മുക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു.
രാജ്യത്തെ ഭരണകൂടം തന്നെ ഭരണ ഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്തിറങ്ങണം. പ്രിയങ്ക ഗാന്ധി പറഞ്ഞു. തനിക്ക് ലഭിച്ച വലിയ വിജയം കഴിഞ്ഞ അഞ്ചു വർഷം രാഹുൽ ഗാന്ധിക്ക് വേണ്ടിയും ഉപതിരഞ്ഞെടുപ്പിൽ തനിക്ക് വേണ്ടിയും താഴെ തട്ടിൽ പ്രവർത്തകർ നടത്തിയ കഠിന പ്രയത്നത്തിന്റെ ഫലമാണെന്നും അതിന് നേതൃത്വത്തോടും പ്രവർത്തകരോടും കടപ്പെട്ടിരിക്കുന്നു എന്നും പ്രിയങ്ക പറഞ്ഞു. ഈ വിജയത്തിനു തന്നെക്കാൾ അവകാശികൾ വീടുകൾ തോറും കയറി ഇറങ്ങി പ്രവർത്തിച്ച പ്രവർത്തകരാണെന്നും അവർ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ ആധ്യക്ഷ്യം വഹിച്ചു. യുഡിഎഫ് തിരുവമ്പാടി നിയോജക മണ്ഡലം ചെയർമാൻ സി.കെ.കാസിം, എ.പി. അനിൽ കുമാർ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്ത്, കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യൻ, മുൻ ഡിസിസി പ്രസിഡന്റ് കെ.സി. അബു, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, നിയോജക മണ്ഡലം യുഡിഎഫ് കൺവീനർ കെ.ടി. മൻസൂർ, ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ട്, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷിനോയ് അടക്കപ്പാറ, സി.ജെ.ആന്റണി, പി.സി.ഹബീബ് തമ്പി, ഡിസിസി വൈസ് പ്രസിഡന്റ് അന്നമ്മ മാത്യു, ജോബി എലന്തൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.സിറാജുദ്ദീൻ, എം.ടി. അഷ്‌റഫ്, നിയോജക മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി പി.ജി. മുഹമ്മദ്, ബി.പി.റഷീദ്, ഹമീദ് മുത്താലം തുടങ്ങിയവർ പ്രസംഗിച്ചു.