പ്രവർത്തകർക്ക് ആവേശമായി പ്രിയങ്കയുടെ സന്ദർശനം

Mail This Article
മുക്കം∙ താഴെ തട്ടിലുള്ള നേതാക്കളെ കാണാനും സംസാരിക്കാനും എഐസിസി ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയെത്തിയത് യുഡിഎഫ് പ്രവർത്തകർക്ക് ആവേശമായി.പ്രവർത്തകർ ആഹ്ലാദവും സന്തോഷവും പങ്കിട്ടപ്പോൾ പ്രിയങ്ക ഗാന്ധിയും ഏറെ ആവേശത്തിലായി. തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലും വിജയിച്ചതിനു ശേഷവും വോട്ടർമാർക്ക് നന്ദി പറയാൻ നിയോജക മണ്ഡലം തലങ്ങളിൽ എത്തിയപ്പോഴും താഴെ തട്ടിലുള്ള ബൂത്ത് ലവൽ നേതാക്കളെ കാണാനും സംസാരിക്കാനും അവസരം ലഭിച്ചിരുന്നില്ല.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവ സാന്നിധ്യമായിരുന്ന ബൂത്ത് ലവൽ നേതാക്കളെ കാണാൻ മാത്രമായിരുന്നു ഇന്നലത്തെ വരവ്. പ്രവർത്തകർക്കൊപ്പം ഫോട്ടോ എടുക്കാനും സംസാരിക്കാനും സമയം കണ്ടെത്തി.തിരുവമ്പാടി നിയോജക മണ്ഡലത്തിന് കീഴിലെ പഞ്ചായത്തുകളിലെയും നഗരസഭയിലെയും യുഡിഎഫ് പ്രവർത്തകരെ കാണാനായിരുന്നു പ്രിയങ്ക ഇന്നലെ ഓർഫനേജ് ഒഎസ്എ ഓഡിറ്റോറിയത്തിന് അകത്തും പുറത്തും സജ്ജമാക്കിയ വേദിയിലെത്തിയത്. പഞ്ചായത്ത് തലത്തിൽ പ്രവർത്തകരെ വെവ്വേറെ കസേരകളിലിരുത്തിയായിരുന്നു ഫോട്ടോ എടുക്കൽ.
പറഞ്ഞ സമയത്തിന് മുൻപേ നോർത്ത് കാരശ്ശേരിയിലെ എംപി ഓഫിസിലെത്തി പ്രിയങ്ക. ഓഫിസിൽ ഏറെ സമയം ചെലവഴിച്ച ശേഷമാണ് ഓഡിറ്റോറിയത്തിലെത്തി പ്രവർത്തകരെ കണ്ടത്. പ്രവർത്തകരുടെ കൺവൻഷനിലും പങ്കെടുത്തു. നിവേദനങ്ങൾ വാങ്ങിയ ശേഷമാണ് വേദി വിട്ടത്.