പൊലീസ് കേസെടുത്തു, ഉദ്യോഗസ്ഥരും തൊഴിലാളികളും സ്ഥലം വിട്ടു; ദേശീയപാത നിർമാണത്തിൽ സ്തംഭനാവസ്ഥ

Mail This Article
കോഴിക്കോട്∙ ദേശീയപാത നിമാണത്തിൽ അപ്രതീക്ഷിതമായി വന്നുചേർന്ന ഭാഗികമായ സ്തംഭനാവസ്ഥ കാരണം മാളിക്കടവ് അടിപ്പാത തുറക്കുന്നതു വൈകുന്നു. ദേശീയപാത നവീകരണത്തിനു വേണ്ടിയെടുത്ത കുഴിയിൽവീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ദേശീയപാത അധികൃതർക്കെതിരെ പൊലീസ് കേസെടുത്തതിനെ തുടർന്ന് ഉദ്യോഗസ്ഥരും തൊഴിലാളികളും കൂട്ടത്തോടെ സ്ഥലം വിട്ടതോടെയാണ് രാമനാട്ടുകര–വെങ്ങളം ഭാഗത്തെ ദേശീയ പാത നവീകരണം ഭാഗികമായി സ്തംഭനം നേരിടുന്നത്. മാളിക്കടവ് അടിപ്പാതയുടെ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നുകൊടുക്കാനിരിക്കെയാണ് പ്രവൃത്തിയിൽ ഭാഗികതടസ്സം നേരിട്ടത്. അടിപ്പാതയുടെ നിർമാണം പൂർത്തിയാക്കുന്നതിനൊപ്പം പാതയിലേക്കു വന്നു ചേരുന്ന അപ്രോച്ച് റോഡിന്റെ നിർമാണവും പുരോഗമിച്ചു വരികയായിരുന്നു.
നിർമാണം പൂർത്തിയാക്കി ഗതാഗതം ഇവിടേക്കു മാറ്റി, സർവീസ് റോഡ് അടച്ചിട്ടുവേണം ഇരുമ്പു ഗർഡറുകൾ നീക്കം ചെയ്ത് അടിപ്പാത ഗതാഗതത്തിനു തുറന്നു കൊടുക്കാൻ. റോഡ് നിർമാണം ഇപ്പോൾ ഇഴഞ്ഞുനീങ്ങുകയാണ്. ഇവിടെ തൊഴിലാളികളുടെ എണ്ണക്കുറവാണ് തിരിച്ചടി. സമാനമായ രീതിയിൽ വേങ്ങേരി, മലാപ്പറമ്പ് എന്നിവിടങ്ങളിലെ ഓവർ പാസ് നിർമാണവും ഭാഗികതടസ്സം നേരിടുന്നതായാണ് വിലയിരുത്തൽ. ദേശീയപാത അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ, കരാർ ഏറ്റെടുത്ത കമ്പനി പ്രോജക്ട് മാനേജർ, കെഎംസി സേഫ്റ്റി ഓഫിസർ എന്നിവരെ പ്രതിചേർത്ത് മനപൂർവമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്. കേസെടുത്തതോടെ ഉന്നതദ്യോഗസ്ഥർ വിട്ടുനിൽക്കുകയാണ്.
നിർമാണത്തിൽ തടസ്സമില്ലെന്നു മന്ത്രി
കോഴിക്കോട്∙ ദേശീയപാത നിർമാണത്തിൽ തടസ്സമൊന്നും നേരിടുന്നില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വ്യക്തമാക്കി. തൊഴിലാളികൾ കൂട്ടത്തോടെ സ്ഥലംവിട്ടതു കാരണം നിർമാണത്തിൽ ഭാഗികമായ സ്തംഭനാവസ്ഥ നേരിടുന്നുവെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കലക്ടറുമായി ബന്ധപ്പെട്ടപ്പോൾ നിർമാണത്തിൽ തടസ്സം നേരിടുന്നില്ലെന്ന വിവരമാണ് ലഭിച്ചത്. 90% നിർമാണവും പൂർത്തിയായ രാമനാട്ടുകര–വെങ്ങളം ദേശീയപാത ഉദ്ദേശിച്ച സമയത്തുതന്നെ തുറക്കുമെന്നും മന്ത്രി റിയാസ് പറഞ്ഞു.