എൽഡിഎഫ്, എസ്ഡിപിഐ ഉപരോധത്തിനിടെ പഞ്ചായത്ത് പ്രസിഡന്റ് കുഴഞ്ഞുവീണു

Mail This Article
വടകര ∙ വനിതാ ഓവർസീയറെ അപമാനിച്ച ക്ലാർക്കിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ്, എസ്ഡിപിഐ നേതാക്കൾ ഉപരോധിക്കുന്നതിനിടെ അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ കുഴഞ്ഞുവീണു. ആദ്യം മാഹി ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം ആയിഷയെ തലശ്ശേരി ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. എൽഡിഎഫ്, എസ്ഡിപിഐ നേതാക്കൾ അര മണിക്കൂറിലധികം പ്രസിഡന്റിനെ തടഞ്ഞു വച്ച് വാക്കു തർക്കം ഉണ്ടാക്കിയതു കൊണ്ടാണ് കുഴഞ്ഞുവീണതെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും യുഡിഎഫ് – ആർഎംപി ആവശ്യപ്പെട്ടു.
ഓഫിസിലെ ഒരു വനിതാ ഓവർസീയറെ അപമാനിച്ചെന്ന പരാതിയിൽ ക്ലാർക്കിനെതിരെ പഞ്ചായത്ത് ഭരണ സമിതി നടപടിയെടുത്തിരുന്നു. ക്ലാർക്ക് ഭരണ സമിതി യോഗത്തിലും വനിതാ ഓവർസീയറുടെ മുമ്പിലും ക്ഷമാപണം നടത്തി. ക്ലാർക്കിനെ മറ്റൊരു സീറ്റിലേക്ക് മാറ്റാനുള്ള തീരുമാനവും എടുത്തിരുന്നു. എന്നാൽ ഇതേ പ്രശ്നം വീണ്ടും ഉന്നയിച്ച് പ്രസിഡന്റിനെ തടയുകയായിരുന്നുവെന്ന് യുഡിഎഫ് – ആർഎംപി ആരോപിച്ചു.
അതേ സമയം, പ്രസിഡന്റുമായി പ്രശ്നം ചർച്ച ചെയ്യുക മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും തങ്ങൾ മുറിയിൽ നിന്നിറങ്ങി കുറച്ചു കഴിഞ്ഞ ശേഷമാണ് കുഴഞ്ഞുവീണതെന്നും എൽഡിഎഫ്, എസ്ഡിപിഐ നേതാക്കൾ പറഞ്ഞു.