ചീർപ്പ് തുറന്നു; അറളായി തോട്ടിൽ മലിനജലം, ജനങ്ങൾ ആശങ്കയിൽ

Mail This Article
ചെറുവണ്ണൂർ ∙ മധുരബസാർ അറളായി തോട്ടിൽ ഒഴുകുന്നത് മലിനജലം. കരി നിറത്തിലുള്ള വെള്ളം വ്യാപിച്ച തോട്ടിൽ നിന്നു ദുർഗന്ധം രൂക്ഷം. മധുരബസാർ അഡ്രസ് ടർഫ് പരിസരത്താണ് തോട്ടിൽ മലിനീകരണം രൂക്ഷമായുള്ളത്. കാറ്റിൽ ദുർഗന്ധം വമിക്കുന്നതിനാൽ കടുത്ത ആശങ്കയിലാണ് പരിസരവാസികൾ. കഴിഞ്ഞ 2 ആഴ്ചയായി വെള്ളത്തിനു നിറ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും രൂക്ഷമായ ഗന്ധം തുടങ്ങിയിട്ടു ഒരാഴ്ചയായി. തോട്ടിലേക്ക് മാലിന്യം എത്തുന്നതിന്റെ ഉറവിടം കണ്ടെത്തണം എന്നാവശ്യപ്പെട്ട് നാട്ടുകാർ കോർപറേഷൻ അധികൃതർക്ക് പരാതി നൽകി.
ചാലിയാറിൽ നിന്നു ഉപ്പുവെള്ളം കയറുന്നത് തടയാൻ അറളായി ചീർപ്പിൽ താൽക്കാലിക ബണ്ട് കെട്ടിയിരുന്നു. കഴിഞ്ഞദിവസം കനത്ത മഴ പെയ്തപ്പോൾ തോട്ടിൽ വെള്ളം കൂടിയതിനാൽ ചീർപ്പ് തുറന്നിരുന്നു. തോട്ടിലൂടെ ഒഴുകിയെത്തിയ അഴുക്കുവെള്ളം ചാലിയാറിൽ വ്യാപിക്കുന്ന സ്ഥിതിയുണ്ടായി. വെള്ളത്തിനു ദുർഗന്ധവും നിറ വ്യത്യാസവും അനുഭവപ്പെടുന്നതിനാൽ പരിസരവാസികൾ സാംക്രമിക രോഗ ഭീഷണിയിലാണ്. ചീർപ്പ് അടച്ചതിനാൽ കെട്ടിനിൽക്കുന്ന അഴുക്കുവെള്ളം ഊർന്നിറങ്ങി വീട്ടു കിണറുകൾ മലിനപ്പെടും എന്ന ഭീതിയിലാണ് പരിസരത്തെ താമസക്കാർ.