മലാപ്പറമ്പ് ഓവർപാസ് ടാറിങ് പൂർത്തിയായി; വയനാട് പാത രണ്ട് ദിവസത്തിനകം തുറക്കും

Mail This Article
കോഴിക്കോട്∙ വെങ്ങളം– രാമനാട്ടുകര ദേശീയപാത 6 വരിയിൽ നവീകരിക്കുന്നതിന്റെ ഭാഗമായി മലാപ്പറമ്പ് ജംക്‌ഷനിൽ വയനാട് റോഡിൽ നിർമാണം പൂർത്തിയായ വെഹിക്കിൾ ഓവർ പാസ് 2 ദിവസത്തിനകം ഗതാഗതത്തിനു തുറന്നു കൊടുക്കും. ഓവർ പാസിനു മുകളിൽ ഇന്നലെ ടാറിങ് പൂർത്തിയായി. അനുബന്ധജോലികൾ പൂർത്തിയാക്കി 2 ദിവസത്തിനകം തുറക്കാനാകുമെന്നാണ് പ്രതീക്ഷ. 40 മീറ്റർ വീതിയോടെ 27 മീറ്റർ നീളത്തിലാണ് ഓവർ പാസ് നിർമിച്ചിരിക്കുന്നത്. രാമനാട്ടുകര–വെങ്ങളം ദേശീയപാത 6 വരിയായി നവീകരിച്ചതോടെയാണ് കോഴിക്കോട്–വയനാട് പാത ഓവർപാസ് ആയി പുനർനിർമിച്ചത്. ദേശീയ പാത ഇതിനടിയിലൂടെ കടന്നുപോകും. ഓവർപാസിന്റെ 22 അടി താഴ്ചയിലൂടെയാണ് 6 വരി ദേശീയ പാത കടന്നുപോകുന്നത്.

മാളിക്കടവ് ജംക്‌ഷനിലും ദേശീയപാത തുറന്നു
മാളിക്കടവ് അടിപ്പാതയുടെ നിർമാണം പൂർത്തിയായതോടെ ഇവിടെ ദേശീയപാത ഗതാഗതത്തിനു തുറന്നു കൊടുത്തു. ഇതോടെ വേങ്ങേരി ജംക്‌ഷൻ മുതൽ മാളിക്കടവ് ജംക്‌ഷൻ വരെ സർവീസ് റോഡിലൂടെ മാത്രം കടന്നുപോയിരുന്ന ദീർഘദൂര വാഹനങ്ങൾക്ക് ഇനി ദേശീയപാതയിലൂടെ പോകാം. അതേസമയം നിർമാണം പൂർത്തിയായ അടിപ്പാത ഇനിയും തുറന്നിട്ടില്ല. അടിപ്പാതക്കുള്ളിൽനിന്ന് ഇരുമ്പു ഗർഡറുകൾ നീക്കം ചെയ്യാത്തതാണ് ഇതിനു കാരണം.