വ്യാപാരികളുടെ സഹകരണത്തോടെ പുതുമോടിയിൽ രാമനാട്ടുകര

Mail This Article
രാമനാട്ടുകര ∙ വ്യാപാരികളുടെ പിന്തുണയോടെ രാമനാട്ടുകര നഗരം വൃത്തിയുടെയും വശ്യതയുടെയും പുതുമോടിയണിയുന്നു. നഗര പാതയോരത്തെ കൈവരിയിലും കട വരാന്തകളിലും മനോഹരമായ പൂച്ചെടികൾ വളർത്തിയാണ് നഗരസഭ നേതൃത്വത്തിൽ രാമനാട്ടുകരയെ ഹരിത നഗരമാക്കുന്നത്.ആദ്യഘട്ടത്തിൽ ബസ് സ്റ്റാൻഡ് പരിസരത്താണ് പദ്ധതിക്ക് തുടക്കമിട്ടത്.
പൂച്ചെടികൾ സ്ഥാപിക്കലും വെള്ളമൊഴിച്ച് സംരക്ഷിക്കുന്ന കാര്യവും വ്യാപാരികൾ ഏറ്റെടുത്തു. പടിപടിയായി ഏറ്റവും വൃത്തിയുള്ള നഗരമാക്കുകയാണ് നഗരസഭ ലക്ഷ്യമിടുന്നത്. നഗത്തിലുടനീളം പൂച്ചെടികൾ സ്ഥാപിക്കുന്നതോടെ സഞ്ചാരികൾക്ക് രാമനാട്ടുകര ഇനി ശുചിത്വ സുന്ദര നഗരമാകും. ഹരിത ടൗൺ പദ്ധതി നഗരസഭാധ്യക്ഷ ബുഷ്റ റഫീഖ് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ.സുരേഷ് അധ്യക്ഷത വഹിച്ചു.
യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ വി.എം.പുഷ്പ, പി.കെ.അബ്ദുൽ ലത്തീഫ്, കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് പി.എം.അജ്മൽ, നഗരസഭ സെക്രട്ടറി പി.ശ്രീജിത്ത്, ക്ലീൻ സിറ്റി മാനേജർ പി.ഷജിൽ കുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കല്ലട മുഹമ്മദലി, വ്യാപാരി മണ്ഡലം സെക്രട്ടറി കെ ബീരാൻ, കെ.കെ.വിനോദ് കുമാർ, അസ്‌ലം പാണ്ടികശാല, കെ.കെ.ശിവദാസ്, പി.പി.ബഷീർ, പറമ്പൻ ബഷീർ എന്നിവർ പ്രസംഗിച്ചു.