മിഠായി ക്ലിനിക് വടകരയിൽ സാറ്റലൈറ്റ് കേന്ദ്രം പരിഗണിക്കും: മന്ത്രി ബിന്ദു

Mail This Article
വടകര ∙ ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് ചികിത്സയും മരുന്നും ലഭ്യമാകുന്ന സാമൂഹിക സുരക്ഷ മിഷന്റെ മിഠായി ക്ലിനിക്കിന്റെ സാറ്റലൈറ്റ് കേന്ദ്രം വടകരയിൽ അനുവദിക്കുന്നതു പരിഗണിക്കുമെന്ന് മന്ത്രി ആർ.ബിന്ദു നിയമസഭയിൽ അറിയിച്ചു. കെ.കെ.രമ എംഎൽഎ ഉന്നയിച്ച സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ മിഠായി ക്ലിനിക്കിൽ വടകര മേഖലയിലെ കുട്ടികൾക്ക് രണ്ടര മണിക്കൂർ യാത്ര ചെയ്ത് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചു മലയാള മനോരമ വാർത്ത നൽകിയിരുന്നു.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ 5 മെയിൻ മിഠായി ക്ലിനിക്കുകളും എറണാകുളം, കണ്ണൂർ, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, പെരിന്തൽമണ്ണ, കൽപറ്റ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ 9 സാറ്റലൈറ്റ് ക്ലിനിക്കുകളുമാണുള്ളത്. മിഠായി ക്ലിനിക്കുകൾ എല്ലാ ദിവസവും സാറ്റലൈറ്റ് കേന്ദ്രങ്ങൾ രണ്ടാഴ്ചയിൽ ഒരിക്കലുമാണു പ്രവർത്തിക്കുന്നത്.
കോഴിക്കോട് മിഠായി ക്ലിനിക്കിൽ 209 കുട്ടികളാണു ചികിത്സ തേടുന്നത്. നടപ്പു സാമ്പത്തിക വർഷം 3.80 കോടി രൂപയാണ് 14 കേന്ദ്രങ്ങൾക്ക് അനുവദിച്ചിട്ടുള്ളത്. നടത്തിപ്പിനായി മാസം ഒന്നര മുതൽ 2 ലക്ഷം വരെ ചെലവു വരുമെന്നും ആരോഗ്യ വകുപ്പാണ് ഡോക്ടർമാർ, നഴ്സുമാർ എന്നിവരെ അനുവദിക്കുന്നതെന്നും മന്ത്രി അറിയിച്ചു.വടകര, കുറ്റ്യാടി, നാദാപുരം, ആയഞ്ചേരി, അഴിയൂർ, പയ്യോളി തുടങ്ങിയ മേഖലകളിൽ ടൈപ് വൺ പ്രമേഹ ബാധിതരായി 135 കുട്ടികൾ ഉള്ളതായി കെ.കെ.രമ പറഞ്ഞു. അതിൽ 85 കുട്ടികൾ മാത്രമേ മിഠായി ക്ലിനിക്കിൽ ഉൾപ്പെട്ടിട്ടുള്ളൂ.