ബേപ്പൂർ മത്സ്യബന്ധന ഹാർബറിൽ ജലക്ഷാമം രൂക്ഷം; ആശ്രയം ടാങ്കർ വെള്ളം

Mail This Article
ബേപ്പൂർ ∙വേനൽ കനത്തതോടെ മത്സ്യബന്ധന ഹാർബറിൽ കടുത്ത ജലക്ഷാമം. ബോട്ടുകൾക്ക് ആവശ്യത്തിനു വെള്ളം കിട്ടുന്നില്ല. ജല ഉപയോഗം വർധിച്ചതും ഹാർബറിൽ ജലവിതരണം നടത്തുന്ന കിണറ്റിൽ വെള്ളം കുറഞ്ഞതുമാണു പ്രതിസന്ധിക്കു കാരണം. രണ്ടാഴ്ചയായി ഹാർബറിൽനിന്ന് ആവശ്യത്തിനു വെള്ളം കിട്ടുന്നില്ല. വൻതുക മുടക്കി ടാങ്കർ ലോറിയിൽ വെള്ളം എത്തിച്ചാണു ബോട്ടുകാർ ആവശ്യം നിറവേറ്റുന്നത്. വേനൽ കടുക്കും തോറും ജലക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയിലാണു മത്സ്യത്തൊഴിലാളികൾ.ഫിഷറീസ് ഓഫിസിനു മുൻപിലുള്ള കിണറിൽ നിന്നാണു ഹാർബറിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. ഈ കിണറ്റിൽ ജലലഭ്യത കുറഞ്ഞതോടെയാണ് വിതരണം താറുമാറായത്. മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകാർ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും മറ്റു ആവശ്യങ്ങൾക്കുമുള്ള വെള്ളം ഹാർബറിൽ നിന്നാണു സംഭരിക്കുന്നത്. ബേപ്പൂർ ഹാർബർ കേന്ദ്രീകരിച്ചു മത്സ്യബന്ധനം നടത്തുന്ന 450 ബോട്ടുകളുണ്ട്.
വലിയ ബോട്ടിന് ഒരു യാത്രയ്ക്ക് കുറഞ്ഞത് 3000 ലീറ്റർ വെള്ളം ആവശ്യമാണ്. ഇത്രയും വെള്ളം തന്നെ ജെട്ടിയിൽ പരിമിതമാണ്. ഇതിനു പുറമേ തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽനിന്നു മത്സ്യ വിപണനത്തിന് ഹാർബറിൽ എത്തുന്ന ബോട്ടുകൾക്കും കൂടുതൽ വെള്ളം ആവശ്യമായി വരുന്നുണ്ട്.വെള്ളമില്ലാത്തത് ഹാർബറിലെ കയറ്റിറക്കു തൊഴിലാളികൾക്കും വിനയായി. ചില നേരത്തു കൈകാലുകൾ കഴുകാൻ പോലും വെള്ളമില്ല. ക്ഷാമം അതിരൂക്ഷമായിട്ടും കുടിവെള്ളം ലഭ്യമാക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഹാർബറിലെ ജലക്ഷാമം പരിഹരിക്കാൻ ജപ്പാൻ ജലപദ്ധതി കണക്‌ഷൻ എടുക്കാൻ ഹാർബർ എൻജിനീയറിങ് വകുപ്പിനു പദ്ധതിയുണ്ടെങ്കിലും നടപടി അനിശ്ചിതത്വത്തിലാണ്. നേരത്തെ ഹാർബറിലെ കന്റീനിനു പിന്നിൽ കിണർ നിർമിക്കാൻ അധികൃതർ പദ്ധതിയിട്ടിരുന്നെങ്കിലും വകയിരുത്തിയ തുക കുറവായതോടെ ടെൻഡർ ക്ഷണിച്ചപ്പോൾ ആരും ഏറ്റെടുത്തില്ല. എസ്റ്റിമേറ്റ് തുക കുറവായതിനാൽ പ്രവൃത്തി കനത്ത നഷ്ടത്തിന് ഇടയാക്കുമെന്നു കണ്ടാണു കരാറുകാർ പിൻവലിഞ്ഞത്. ജപ്പാൻ പദ്ധതി കണക്‌ഷൻ ലഭ്യമാക്കിയാൽ മാത്രമേ ഹാർബറിലെ ജലക്ഷാമം പരിഹരിക്കാനാകൂ.