സിഡബ്ല്യുആർഡിഎമ്മിന് ദേശീയ പുരസ്കാരം

Mail This Article
കോഴിക്കോട്∙ ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സെൻട്രൽ ബോർഡ് ഓഫ് ഇറിഗേഷൻ & പവർ (സിഡബ്ല്യുആർഡിഎം)ന് ദേശീയ പുരസ്കാരം. സിബിഐപിയുടെ 2024 ലെ രാജ്യത്തെ ജല മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും മികച്ച ഗവേഷണ സ്ഥാപനത്തിനുള്ള ദേശീയ അവാർഡിന് സിഡബ്ലുആർഡിഎം അർഹരായി. 1978-ൽ കേരള സർക്കാരിന്റെ കീഴിൽ സ്വയംഭരണ സ്ഥാപനമായി ആരംഭിച്ച ഈ സ്ഥാപനം പിന്നീട് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നിയന്ത്രണത്തിലേക്ക് മാറി പ്രവർത്തനം തുടരുന്നു. കേരളത്തിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ജല ശാസ്ത്ര പഠനങ്ങളും ജല പരിപാലന രീതികളും ആവിഷ്ക്കരിക്കുന്നതിൽ സിഡബ്ല്യുആർഡിഎം ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
സർക്കാർ, സർക്കാരിതര, തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കായി നിരവധി പരിശീലന അവബോധന പരിപാടികളും ഈ സ്ഥാപനം നടത്തി വരുന്നു. ജലവിഭവ സാങ്കേതിക വിദ്യ, ജല ശാസ്ത്രം, ഭൂഗർഭജല ശാസ്ത്രം പരിസ്ഥിതി ശാസ്ത്രം - സാങ്കേതിക വിദ്യ, കാർഷിക ശാസ്ത്ര - സാങ്കേതികവിദ്യ, ജൈവ വൈവിധ്യം, രസതന്ത്രം, കാലാവസ്ഥാ ശാസ്ത്രം,സാമൂഹിക ശാസ്ത്രം, റിമോട്ട് സെൻസിങ്, ഐസോടോപ് സാങ്കേതികവിദ്യ, ജിയോഫിസിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിലെ വിദഗ്ദരായ ശാസ്ത്രജ്ഞർ ഇവിടെ പ്രവർത്തിക്കുന്നു. യുഎൻഡിപി, യൂണിസെഫ്, യുഎൻഇപി, ഐഎ ഇഎ, വേൾഡ് ബാങ്ക് , വെറ്റ്ലാന്റ് ഇന്റർനാഷണൽ ബ്രിട്ടിഷ് ജിയോളിക്കൽ സർവേ, യൂറോപ്യൻ യൂണിയൻ തുടങ്ങി നിരവധി അന്തർദേശീയ ഏജൻസികളുമായി യോജിച്ച് ഗവേഷണ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.
കേരളത്തിലെ മൂന്നു റാംസാർ തണ്ണീർ തടങ്ങൾ ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളിൽ സ്ഥാപനം വിവിധ ഗവേഷണ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കി വരുന്നു. കാലാവസ്ഥാ മാറ്റവുമായി ബന്ധപെട്ടുള്ള പ്രകൃതി ദുരന്തങ്ങളെ കുറിച്ച് പഠിക്കാൻ ഒരു മികവിന്റെ കേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നു. ഇവിടത്തെ ജല ഗുണനിലവാര പരിശോധന ലബോറട്ടറി നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആന്റ് കാലിബ്രഷേൻ (NABL)അംഗീകാരം നേടിയതാണ്. മികവിന്റെ ഐഎസ്ഒ അംഗീകാരവും സ്ഥാപനത്തിന് ലഭിച്ചു. മാർച്ച് 21 ന് ഡൽഹിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ ബഹു കേന്ദ്ര/സംസ്ഥാന മന്ത്രിമാരുടെ സാനിധ്യത്തിൽ അവാർഡ് സമ്മാനിക്കും.