ഗോതീശ്വരം തീരത്തെ കടൽഭിത്തി പുനരുദ്ധാരണ പ്രവൃത്തി തുടങ്ങി

Mail This Article
ബേപ്പൂർ ∙കടലാക്രമണത്തിൽ നശിച്ച ഗോതീശ്വരം തീരത്തെ കടൽഭിത്തി പുനരുദ്ധാരണ പ്രവൃത്തി തുടങ്ങി. ഇറിഗേഷൻ പദ്ധതിയിൽ 80 ലക്ഷം രൂപ ചെലവിട്ടു ഗോതീശ്വരം ജനവാസ മേഖലയിൽ 120 മീറ്ററാണു കരിങ്കൽ ഭിത്തി ബലപ്പെടുത്തുന്നത്. വലിയ കരിങ്കല്ലുകൾ തീരത്ത് പതിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.വീടുകളോടു ചേർന്ന ഭാഗത്ത് കടലിലേക്കും കരയിലുമായി 15 മീറ്റർ വീതിയിലാണ് ഭിത്തി പുനർനിർമിക്കുന്നത്. ഡിസൈൻ പ്രകാരം കടലിലേക്കു മാത്രം ഭിത്തിക്കു 10 മീറ്റർ വീതിയുണ്ടാകും. ഇതിനാൽ കടലാക്രമണം ഒരുപരിധിവരെ ചെറുക്കാനാകും എന്നാണു വിലയിരുത്തൽ.ഗോതീശ്വരം ജനവാസ മേഖലയിൽ 30 വർഷം മുൻപു നിർമിച്ചതാണ് കരിങ്കൽ ഭിത്തി. വർഷകാലത്തു കടലാക്രമണത്തിൽ വെള്ളം തള്ളിക്കയറിയാണു ബലക്ഷയം നേരിട്ടത്. സംരക്ഷണ ഭിത്തി നശിച്ചതിനാൽ ചെറിയൊരു തിരയടിയിൽ പോലും കരയിലേക്കു വെള്ളം ഇരച്ചു കയറും. മഴക്കാലത്തു ജീവിതം ദുസ്സഹമാണ്. കടൽക്ഷോഭം ഉണ്ടാകുമ്പോൾ വീട്ടുമുറ്റങ്ങളിലും റോഡിലും വെള്ളം കയറും. തീരത്ത് മണ്ണിടിച്ചിലും ഉണ്ടാകാറുണ്ട്. നാട്ടുകാർ നൽകിയ നിവേദനം പരിഗണിച്ചാണു ഇറിഗേഷൻ വകുപ്പ് നേതൃത്വത്തിൽ കടൽഭിത്തി പുനരുദ്ധാരണ പദ്ധതി നടപ്പാക്കുന്നത്.