കോർപറേഷന്റെ ജലസംരക്ഷണ പ്രവർത്തനം: മനയത്തുകുളം നവീകരിക്കുന്നു

Mail This Article
ബേപ്പൂർ ∙കോർപറേഷൻ നടപ്പാക്കുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി തമ്പി റോഡിലെ മനയത്തുകുളം നവീകരിക്കുന്നു.നഗരസഞ്ചയ പദ്ധതിയിൽ 87 ലക്ഷം രൂപ ചെലവിട്ടാണു കുളം സംരക്ഷിക്കുന്നത്. യന്ത്രസഹായത്തോടെ ചെളി നീക്കി ആഴം കൂട്ടിയ കുളത്തിൽ അടിത്തറയുടെ കരിങ്കൽ ഭിത്തി നിർമാണം പുരോഗമിക്കുന്നു. കുളത്തിനു ചുറ്റും പടവുകളോടെ ഭിത്തി നിർമിക്കും. കരയിൽ റോഡിനു കൈവരി സ്ഥാപിക്കാനും നടപ്പാത, അലങ്കാര വിളക്കുകൾ എന്നിവ ഒരുക്കാനും പദ്ധതിയുണ്ട്.
20 സെന്റ് വ്യാപ്തിയുള്ള മനയത്തുകുളത്തിന് ചുറ്റും കാടുപടർന്നിരുന്നു. സമീപത്തെ മരങ്ങളിൽനിന്ന് ഇലകൾ വീണും മറ്റും വെള്ളം അഴുകി ഉപയോഗരഹിതമായി. ചെളിയടിഞ്ഞു കുളത്തിൽ മാലിന്യം വ്യാപിച്ചതു പരിസരവാസികളെ ദുരിതത്തിലാക്കി. തമ്പി റോഡ് സ്വതന്ത്ര റസിഡന്റ്സ് അസോസിയേഷൻ വിഷയം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നു കോർപറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കെ.കൃഷ്ണകുമാരി ഇടപെട്ടു ഭൂവുടമകളായ മനയത്തു കോവിലകം ഉമാദേവി തമ്പുരാട്ടിയിൽ നിന്ന് അനുമതി ലഭ്യമാക്കിയാണ് കുളം നവീകരണ പദ്ധതി നടപ്പാക്കുന്നത്. കോർപറേഷൻ എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിലാണു പ്രവൃത്തി നടപ്പാക്കുന്നത്. 3 മാസം കൊണ്ടു നവീകരണ പ്രവൃത്തി പൂർത്തിയാക്കുകയാണു ലക്ഷ്യം.