മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് നിർമാണം: കരാർ കമ്പനി സമർപ്പിച്ച പുതിയ പ്ലാനിന് അനുമതി ലഭിച്ചില്ല

Mail This Article
കോഴിക്കോട് ∙മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് നിർമാണത്തിനായി കരാർ കമ്പനി സമർപ്പിച്ച പുതിയ പ്ലാനിനുള്ള അനുമതി 3 മാസം കഴിഞ്ഞിട്ടും കോർപറേഷനിൽ നിന്നും ലഭിച്ചില്ല. ഇതേ തുടർന്ന് മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് നിർമാണം വൈകുന്നു. 5 ലക്ഷം ചതുരശ്ര അടിയുള്ള ബസ് സ്റ്റാൻഡ് ആണു നിർമിക്കുന്നത്. അനുമതിക്കായി പ്ലാൻ സഹിതം കരാർ കമ്പനിയായ മിൻഫ്ര സ്ട്രക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ നവംബർ 22ന് കോർപറേഷനിൽ അപേക്ഷിച്ചിരുന്നു.
മെഡിക്കൽ കോളജ് ജംക്‌ഷനു സമീപം രണ്ടേ മുക്കാൽ ഏക്കറിൽ ബിഒടി അടിസ്ഥാനത്തിൽ ബസ് സ്റ്റാൻഡ് നിർമാണത്തിനു 2010 സെപ്റ്റംബർ 9ന് മന്ത്രി പാലോളി മുഹമ്മദ് കുട്ടിയാണു തറക്കല്ലിട്ടത്.പദ്ധതിക്കെതിരെ 2011–ൽ വിജിലൻസ് കോടതി എടുത്ത കേസ് തള്ളിപ്പോയിട്ട് ഒന്നര വർഷമായി. തുടർന്നാണു മിൻഫ്ര സ്ട്രക്ചേഴ്സ് കോർപറേഷനിൽ പുതിയ പ്ലാനിന് അപേക്ഷ നൽകിയത്. സ്റ്റാൻഡിലേക്ക് കാരന്തൂർ ഭാഗത്തു നിന്നുള്ള ബസുകൾ പ്രവേശിക്കുന്ന ഭാഗത്ത് 10 സെന്റ് സർക്കാർ ഭൂമിയാണ്. ഇതു ലീസിനു ലഭിക്കാൻ കോർപറേഷൻ സർക്കാരിലേക്ക് അപേക്ഷ നൽകിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ ഉടനെ ബസ് സ്റ്റാൻഡ് നിർമാണം ആരംഭിക്കാനാകുമെന്നു കൗൺസിലർ ഇ.എം.സോമൻ പറഞ്ഞു.
കോൺഗ്രസ് ധർണ നാളെ
∙ബസ് സ്റ്റാൻഡ് നിർമാണത്തിലെ കാലതാമസം ഉൾപ്പെടെയുള്ളവ ഉന്നയിച്ചു കോൺഗ്രസ് 19–ാം വാർഡ് കമ്മിറ്റി നാളെ വൈകിട്ട് 4.30ന് മെഡിക്കൽ കോളജ് പരിസരത്ത് ധർണ നടത്തും. ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്യും