നല്ലളം പൊലീസ് ക്വാർട്ടേഴ്സ് സമുച്ചയം പൊളിക്കൽ: കരാറുകാർ വിട്ടുനിൽക്കുന്നു

Mail This Article
ഫറോക്ക് ∙15 വർഷമായി ഉപയോഗരഹിതമായ നല്ലളം പൊലീസ് ക്വാർട്ടേഴ്സ് സമുച്ചയം പൊളിച്ചു നീക്കുന്നതിലെ പ്രതിസന്ധി വിട്ടൊഴിയുന്നില്ല. മരാമത്തു കെട്ടിട വിഭാഗം നിശ്ചയിച്ചു നൽകിയ തുകയ്ക്കു കെട്ടിടം ഏറ്റെടുക്കാൻ ആളില്ലാത്തതാണു തടസ്സം. 10 ലക്ഷം രൂപയാണു കെട്ടിടത്തിനു നേരത്തെ മരാമത്ത് അധികൃതർ നിർണയിച്ച വില. ഇതുപ്രകാരം 3 തവണ ടെൻഡർ ചെയ്തെങ്കിലും 3.5 ലക്ഷമാണ് കരാറുകാർ ക്വോട്ട് ചെയ്തത്. ഇതിന് അനുമതി നൽകാൻ പറ്റാതെ വന്നതോടെ നടപടി മുടങ്ങി.നല്ലളം സ്റ്റേഷനോടു ചേർന്നുള്ള പൊലീസ് ക്വാർട്ടേഴ്സിന്റെ ചുറ്റുപാടും മറ്റു കെട്ടിട സമുച്ചയങ്ങളുണ്ട്.ഇതിനാൽ ഉദ്ദേശിച്ച രീതിയിൽ പൊളിച്ചു മാറ്റുക എളുപ്പമല്ല. ഇതു മുന്നിൽക്കണ്ടാണു കരാറുകാർ പ്രവൃത്തി ഏറ്റെടുക്കാതെ പിൻവലിയുന്നത്. കെട്ടിടം പൊളിക്കൽ ഏറ്റെടുക്കാൻ ആളില്ലാത്ത സ്ഥിതി തുടരുന്നതിനാൽ വില പുനർ നിർണയിക്കണ്ടേ അവസ്ഥയാണ്.നല്ലളം സ്റ്റേഷനോടു ചേർന്നു ദേശീയപാതയോരത്തുള്ള 4 നില കെട്ടിടം തകർച്ചയുടെ വക്കിലാണ്.
കാലപ്പഴക്കത്താൽ ബലക്ഷയം നേരിട്ട കെട്ടിടത്തിൽ 2010 മുതൽ ആൾത്താമസമില്ല. തൂണുകൾക്കും ബീമിനും വിള്ളൽ വീണ ക്വാർട്ടേഴ്സിന്റെ വശങ്ങളിലെ കോൺക്രീറ്റ് സ്ലാബുകൾ പലതും ഇതിനകം തകർന്നടിഞ്ഞു.ചുമരുകളുടെയും സീലിങ്ങിലെയും സിമന്റ് തേപ്പ് അടർന്നിട്ടുണ്ട്. മുറികളുടെ വാതിലും ജനലുകളും പൂർണമായും നശിച്ചു. പരിസരം കാടുമൂടിയതോടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. കെട്ടിടം നിലംപൊത്തിയാൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.1985ൽ നിർമിച്ച കെട്ടിടത്തിൽ 16 ക്വാർട്ടേഴ്സുകളാണുള്ളത്. യഥാസമയം അറ്റകുറ്റപ്പണി നടത്താതിരുന്നതോടെ ശോച്യാവസ്ഥയിലായി. ഇതോടെയാണ് താമസക്കാരായ പൊലീസുകാർ ക്വാർട്ടേഴ്സ് വിട്ടുപോയത്. ക്വാർട്ടേഴ്സ് മുറ്റത്ത് മണലും കേസുകളിൽ പിടികൂടിയ വാഹനങ്ങളും സൂക്ഷിച്ചിരിക്കുകയാണ്.നല്ലളത്ത് പൊലീസുകാർക്കു പുതിയ ക്വാർട്ടേഴ്സ് സമുച്ചയം പണിയാൻ നേരത്തേ സംസ്ഥാന ബജറ്റിൽ 3 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ, പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വം പുതിയ നിർമാണം തുടങ്ങുന്നതിനു തിരിച്ചടിയായി.