ആനത്താരയിലൂടെ ടിപ്പു സുൽത്താൻ പണിത താമരശ്ശേരി ചുരം; പീരങ്കികളുമായി പട്ടാളം വന്നതും ഇതുവഴി

Mail This Article
ടിപ്പു സുൽത്താൻ മലബാറിനു നൽകിയ ഏറ്റവും വലിയ സംഭാവന ഏതെന്നു ചോദിച്ചാൽ അതു താമരശ്ശേരി ചുരവും മലബാറിലെ റോഡുകളുമാണെന്നു പറയേണ്ടിവരും. ആനത്താര കണ്ടെത്തി അതു വികസിപ്പിച്ചാണ് ടിപ്പു സുൽത്താൻ വയനാട്ടിൽ നിന്നു കോഴിക്കോട് താമരശ്ശേരിയിലേക്കു ചുരം പാത നിർമിച്ചത്. ടിപ്പുവിന്റെ സൈനിക ആക്രമണത്തിനു മുൻപേ മലബാറിൽ കാര്യമായ റോഡുകൾ ഇല്ലായിരുന്നു. വയലുകളായിരുന്നു കൂടുതലും. വരമ്പുകളും ഒറ്റയടി നടപ്പാതകളും മാത്രമുള്ള നാട്. മുഖ്യ ഗതാഗത ഉപാധി നദികളും തോടുകളും.ചക്രവണ്ടികൾ എന്നെങ്കിലും മലബാറിൽ ഉപയോഗപ്പെടുത്തിയതിന്റെ ലക്ഷണങ്ങൾ കാണാനില്ലെന്നാണ് ടിപ്പുവിന്റെ വരവിനു മുൻപുള്ള സ്ഥിതിയെക്കുറിച്ചു കേണൽ ഡൗ 1796ൽ എഴുതിയ കുറിപ്പിൽ പറയുന്നത്.
അന്യോന്യം എതിർക്കുന്ന നാട്ടുരാജ്യങ്ങളായി വിഘടിക്കപ്പെട്ടുകിടന്ന നാട്ടിൽ ജനങ്ങൾക്ക് ദീർഘദൂരം സഞ്ചരിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. ഒരു രാജാവിന്റെ കീഴിലുള്ള സൈന്യം ഒരിടത്തു നിന്നു മറ്റൊരിടത്തേക്കു മാർച്ച് ചെയ്തു പോയിരുന്നത് നാട്ടുവഴികളിലൂടെ ഒറ്റവരിയായി ആണ്. ഹൈദരാലിയുടെയും ടിപ്പു സുൽത്താന്റെയും ആക്രമണ വേളകളിലാണ് സൈന്യത്തോടൊപ്പം പീരങ്കികൾ വലിച്ചുകൊണ്ടുപോകുന്നതിനുള്ള ആവശ്യകത ആദ്യമായി അനുഭവപ്പെട്ടത്. ഹൈദരാലിയുടെ ആദ്യ ആക്രമണത്തിനുള്ള പട്ടാളം വന്നത് കോയമ്പത്തൂർ പാലക്കാട് വഴിയായിരുന്നു. രണ്ടാം ആക്രമണത്തിനു പട്ടാളം വടക്കുനിന്നെത്തിയെന്നു വേണം മനസ്സിലാക്കാൻ.
കാരണം ഹൈദരാലിയുടെ സൈന്യം ഏറ്റവും വലിയ എതിർപ്പു നേരിട്ടതു മാഹിപ്പുഴ കടന്നു കടത്തനാട്ടിലേക്കു പ്രവേശിക്കുമ്പോഴായിരുന്നുവെന്ന് ചരിത്ര പുസ്തകങ്ങളിൽ പറയുന്നു. ടിപ്പുവാണ് ആദ്യമായി വയനാട് ചുരത്തിലൂടെ പീരങ്കികളുമായി പട്ടാളത്തെ കൊണ്ടുവന്നത്. ആനത്താരകൾ കണ്ടെത്തി വിപുലപ്പെടുത്തിയാണ് ടിപ്പു ഇന്നത്തെ ചുരം പാതയുടെ ആദ്യരൂപം പണിതത്. സൈന്യവുമായി കോഴിക്കോടെത്തിയ ടിപ്പു ബ്രഹത്തായ റോഡ് നിർമാണ പദ്ധതി തയാറാക്കി. മലബാറിലെ എല്ലാ പ്രധാന സ്ഥലങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട്, നാട്ടിലെ ഏറ്റവും വിദൂരമായ സ്ഥലങ്ങളിൽ പോലും ചെന്നെത്താൻ കഴിയുന്ന വിധം അതി വിപുലമായ റോഡ് ശൃംഖലയായിരുന്നു അത്. പീരങ്കി കൊണ്ടുപോകുക എന്നതായിരുന്നു പ്രധാന ഉദ്ദേശ്യമെന്നതിനാൽ ടിപ്പുവിന്റെ പീരങ്കിപ്പാതകൾ എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്.
റോഡു നിർമാണത്തിന് അധ്വാനമോ പണച്ചെലവോ പ്രതിബന്ധമായി ടിപ്പു കണ്ടില്ല. ടിപ്പു സുൽത്താൻ ഏറ്റെടുത്തു നടപ്പാക്കിയ ഏറ്റവും ബൃഹത്തും പൊതുജനോപകാരപ്രദവും ദീർഘവീക്ഷണം നിറഞ്ഞതുമായ സംരംഭം റോഡ് നിർമാണമായിരുന്നുവെന്ന് മലബാർ കലക്ടറായിരുന്നു വില്യം ലോഗൻ തന്റെ പുസ്തകത്തിൽ പറയുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനി മലബാറിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ, ടിപ്പു തുടങ്ങിവച്ച റോഡുകൾ പൂർത്തീകരിക്കുകയാണ് ആദ്യം ചെയ്തത്. താമരശ്ശേരി ചുരവും ബ്രിട്ടിഷുകാർ വികസിപ്പിച്ചു. പഴശ്ശിയുമായുള്ള യുദ്ധത്തിന് അത് അവർക്ക് ഉപകാരപ്പെടുകയും ചെയ്തു. തീരദേശ റോഡ് ഉൾപ്പെടെ ബ്രിട്ടിഷുകാർ പിന്നീട് വികസിപ്പിച്ച ഒട്ടേറെ റോഡുകൾ ടിപ്പു ആവിഷ്കരിച്ചവയോ തുടങ്ങിവച്ചവയോ ആയിരുന്നു.