ഇരുന്നലാട്ട് കുന്നിൽ ഖനനനീക്കം വീണ്ടും; നാട്ടുകാർ തടഞ്ഞു, 3 പേർ അറസ്റ്റിൽ

Mail This Article
വളയം∙ഇരുന്നലാട്ടു കുന്നിൽ ചെങ്കൽ ഖനനം അനുവദിക്കില്ലെന്ന് സിപിഎം ഏരിയ കമ്മിറ്റിയും നിലപാടെടുത്തതിനു പിന്നാലെ ഇന്നലെ പൊലീസ് കാവലിൽ ഖനനത്തിനെത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു. പൊലീസുമായുള്ള ഉന്തും തള്ളും ബഹളത്തിനും സംഘർഷത്തിനുമിടയാക്കി.
സമര സമിതി ചെയർമാൻ ചേലത്തോട് കെ.പി.നാണു, മറ്റു ഭാരവാഹികളായ എൻ.പി.സുധീശൻ, എൻ.പി.മോഹനൻ എന്നിവരെ വളയം പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു.തിങ്കളാഴ്ചയാണ് സിപിഎം ഏരിയ സെക്രട്ടറി എ.മോഹൻദാസ്, പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ കെ.പി.പ്രദീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സിപിഎം ജനകീയ കൺവൻഷൻ ചേർന്ന് ക്വാറി വക സ്ഥലത്തെത്തി ഇവിടെ ഖനനം അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചതും. ഇന്നലെ പൊലീസ് ഇൻസ്പെക്ടർ ഇ.വി.ഫായിസ് അലിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘത്തിന്റെ അകമ്പടിയോടെയെത്തിയ ക്വാറിക്കാർ ക്വാറിയിലേക്കുള്ള പ്രവേശന കവാടത്തിലെ ചെങ്കൽ മതിൽ തകർത്താണ് എത്തിയത്.
ഖനനം നടത്താനാണ് എന്നറിയാതെ സ്വകാര്യ വ്യക്തി വാഹനങ്ങൾ ക്വാറി വക സ്ഥലത്തേക്കു കൊണ്ടു പോകാൻ സമ്മതിച്ചിരുന്നു.ഖനനം നടത്താനാണ് നീക്കമെന്നറിഞ്ഞതോടെ ഉടമ തടസ്സവാദം ഉന്നയിക്കുകയും കോടതിയിൽ നിന്ന് സ്ഥലത്ത് പ്രവേശിക്കുന്നതിനു സ്റ്റേ സമ്പാദിക്കുകയും ചെയ്തു.ഈ സ്ഥലത്തെ മതിൽ തകർത്താണ് പൊലീസും ക്വാറിക്കാരും എത്തിയത്. ഇത് വൻ പ്രതിഷേധത്തിനിടയാക്കി. പഞ്ചായത്തിന്റെയോ റവന്യു വിഭാഗത്തിന്റെയോ രേഖകളിൽ റോഡ് ഇല്ലാത്ത ഭാഗത്തുകൂടിയാണ് ഖനന സംഘം റോഡ് വെട്ടി സ്ഥലത്തേക്ക് പ്രവേശിക്കുന്നതെന്നാണ് പരാതി.ഇന്ന് നാദാപുരം ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ സമരക്കാരുമായി ചർച്ച നടത്താമെന്ന തീരുമാനത്തെ തുടർന്നാണ് ക്വാറിക്കാരും പൊലീസും സമരക്കാരും സ്ഥലത്തു നിന്നു പിരിഞ്ഞു പോയത്.