കാട്ടുപോത്ത് ശല്യം: മരുതോങ്കര കനാൽ റോഡിൽ ജനം ഭീതിയിൽ

Mail This Article
പന്തിരിക്കര ∙ ജാനകിക്കാട് മരുതോങ്കര കനാൽ റോഡിൽ കാട്ടുപോത്തിന്റെ ശല്യം രൂക്ഷം. കൃഷി പൂർണമായി നശിപ്പിക്കുന്നതായി പരാതി. 2 പോത്തുകളാണ് ഈ ഭാഗത്ത് അലഞ്ഞു തിരിയുന്നത്. ഒരു കുട്ടിയുമുണ്ട്. ഇവ കാർഷിക വിളകൾ വ്യാപകമായി തിന്നു നശിപ്പിക്കുകയാണ്. കനാൽ റോഡിൽ പാലത്തിനു സമീപം കെ.പി.ദിനേശന്റെ കൃഷിയിടത്തിലെ വിളവെടുക്കാൻ പാകമായ നൂറിലധികം വെള്ളരികൾ കഴിഞ്ഞ ദിവസം കാട്ടുപോത്തുകൾ തിന്നു നശിപ്പിച്ചു.
ഇതിനു പുറമേ റബർ തൈകളും, വാഴകളും വ്യാപകമായി നശിപ്പിക്കുകയാണ്. കാട്ടുപോത്തുകളുടെ ശല്യം കാരണം രാത്രി ഈ റോഡിലൂടെ യാത്ര ചെയ്യാനും കഴിയുന്നില്ല. അതിരാവിലെ റബർ ടാപ്പിങ്ങിനു പോകുന്ന തൊഴിലാളികൾ പലപ്പോഴും കാട്ടുപോത്തിന്റെ മുന്നിൽ പെട്ട് തിരിച്ചു പോകേണ്ട അവസ്ഥയാണ്. ആഴ്ചകൾക്ക് മുൻപ് ജാനകിക്കാട് ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപവും കാട്ടുപോത്തിനെ കണ്ടിരുന്നു. ജനങ്ങൾക്കും കൃഷിക്കും ശല്യക്കാരായ കാട്ടുപോത്തുകളെ തുരത്താൻ അധികാരികൾ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.