ബൈക്ക് മോഷണം: പിടികിട്ടാപ്പുള്ളി അടക്കം രണ്ടു പേർ അറസ്റ്റിൽ

Mail This Article
കുന്നമംഗലം ∙മോഷണം പോയ ബൈക്കുമായി യാത്ര ചെയ്യുന്ന ആളെ പിന്തുടർന്നെത്തിയ പൊലീസിനു കിട്ടിയത് 2 ബൈക്ക് മോഷണക്കേസുകളിലെ പ്രതികളെ. എൻഐടി മെഗാ ഹോസ്റ്റലിന് സമീപം കഴിഞ്ഞ 8ന് മോഷണം പോയ ബൈക്കുമായി മാനിപുരം കരീറ്റിപറമ്പ് സ്വദേശി ഹബീബ് റഹ്മാൻ (24), മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു മോഷണം പോയ ബൈക്കുമായി താമരശ്ശേരി സ്വദേശി ഫഹദ് (24) എന്നിവരാണ് കുന്നമംഗലം പൊലീസിന്റെ പിടിയിലായത്.വയനാട് സ്വദേശി നൈജൽ ബെനഡിക്ടിന്റെ ബൈക്ക് മോഷണം പോയ കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെ, കാണാതായ ബൈക്കിൽ ഒരാൾ പടനിലം ഭാഗത്തേക്ക് പോകുന്നതായി കുന്നമംഗലം പൊലീസിന്റെ എഎൻപിആർ ക്യാമറയിൽ പതിഞ്ഞതിനെ തുടർന്ന് വാഹനം പിന്തുടർന്ന് നരിക്കുനിയിൽ നിന്നു ഹബീബ് റഹ്മാനെ ബൈക്ക് സഹിതം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാളുടെ പേരിൽ കസബ, ടൗൺ, താമരശ്ശേരി സ്റ്റേഷനുകളിൽ ബൈക്ക് മോഷണത്തിന് 3 കേസും കഞ്ചാവ് പിടികൂടിയ ഒരു കേസും താമരശ്ശേരി പിസി മുക്കിലെ കട ഷട്ടർ പൊളിച്ച് മോഷണം നടത്തിയ കേസും നിലവിലുണ്ട്.കുന്നമംഗലം പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ ഫഹദിനെ നരിക്കുനി ഭാഗത്ത് നിന്നു കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ സഞ്ചരിച്ച ബൈക്ക് മെഡി.കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു മോഷണം പോയതാണെന്ന് കണ്ടെത്തിയത്. നേരത്തേ വീട്ടിൽ നിന്ന് 50 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ പിടികിട്ടാപ്പുള്ളിയാണ് ഫഹദ്.മെഡി.കോളജ് അസിസ്റ്റന്റ് കമ്മിഷണർ എ.ഉമേഷ്, കുന്നമംഗലം എസ്ഐമാരായ പി.വേണുഗോപാൽ, പ്രദീപ്, എഎസ്ഐ മഞ്ജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ ഷിജു, ഇ.നിധീഷ്, ഷമീർ എന്നിവർ അന്വേഷണത്തിനു നേതൃത്വം നൽകി.