നല്ല ചൂടിൽ ഒരു തണുത്ത മഴ; മിക്കയിടങ്ങളിലും മഴ ലഭിച്ചു

Mail This Article
ബാലുശ്ശേരി ∙മേഖലയിൽ കനത്ത ചൂടിന് ആശ്വാസമായി വേനൽമഴ ലഭിച്ചു. സംസ്ഥാനപാതയിൽ അറപ്പീടിക ഭാഗത്ത് കാറ്റിൽ സ്വകാര്യ കെട്ടിത്തിന്റെ ഷീറ്റുകൾ റോഡിൽ പറന്നു വീണു. അൽപ നേരം ഗതാഗതം തടസ്സപ്പെട്ടു.അറപ്പീടികയിൽ ഒഴിവായത് വൻ അപകടം. വൈകിട്ട് ആറരയോടെയാണു റോഡിലേക്ക് വലിയ ഇരുമ്പ് ഷീറ്റ് പറന്നെത്തിയത്. റോഡിൽ വാഹന തിരക്ക് ഏറെയുള്ള സമയമായിരുന്നു. റോഡിൽ നീളത്തിൽ ഇരുമ്പ് ഷീറ്റ് പതിച്ചതിനാൽ ഗതാഗതം തടസ്സപ്പെട്ടു. നരിക്കുനിയിൽ നിന്നു ഫയർഫോഴ്സ് എത്തി ഇരുമ്പ് ഷീറ്റുകൾ മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

എകരൂൽ ∙ കനത്ത വേനൽ മഴയിൽ അങ്ങാടിയിലെ കടകളിൽ വെള്ളം കയറി. കൃഷ്ണ ബേക്കറി, എകരൂൽ മെഡിക്കൽസ്, കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി, എം.കെ.വെജിറ്റബിൾസ് എന്നിവിടങ്ങളിലാണു വെള്ളം കയറിയത്.സംസ്ഥാനപാത നവീകരിച്ചപ്പോൾ സ്ഥാപിച്ച ഓടകൾക്ക് ആഴം കുറവായതാണു മഴ വെള്ളം ഒഴുകിപ്പോകുന്നതിനു തടസ്സമെന്ന് വ്യാപാരികൾ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതിയും രാഷ്ട്രീയ പാർട്ടികളും പഞ്ചായത്തും ഒട്ടേറെ പരാതികൾ നൽകിയെങ്കിലും നടപടികൾ ഉണ്ടായില്ല.

പ്രശ്ന പരിഹാരത്തിനു അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ സമരം നടത്താനാണു വ്യാപാരികളുടെ തീരുമാനം.പേരാമ്പ്ര∙ പേരാമ്പ്രയിലും സമീപ പ്രദേശങ്ങളിലും നല്ല മഴ പെയ്തു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും ചങ്ങരോത്ത്, കൂത്താളി, നൊച്ചാട്, കായണ്ണ, ചെറുവണ്ണൂർ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലും നല്ല മഴ ലഭിച്ചു. മഴയോടൊപ്പം ഇടിയും മിന്നലും ഉണ്ടായിരുന്നു.

നടുവണ്ണൂർ ∙ നടുവണ്ണൂർ, ഉള്ളിയേരി, കൂട്ടാലിട പ്രദേശങ്ങളിൽ വൈകിട്ട് ലഭിച്ച കനത്ത മഴ വേനൽ ചൂടിനു ആശ്വാസം. ഒരു മണിക്കൂറിലധികം പെയ്ത മഴയിൽ ഉള്ളിയേരി ടൗണിൽ പേരാമ്പ്ര റോഡിൽ വെള്ളം പൊങ്ങി ഗതാഗതം തടസ്സപ്പെട്ടു. കട വരാന്ത വരെ വെള്ളം പൊങ്ങി. ഉള്ളിയേരി പബ്ലിക് ലൈബ്രറി പരിസരം മുതൽ പെട്രോൾ പമ്പിനു സമീപം വരെ റോഡ് വെള്ളത്തിനടിയിലായി. ഓടയിൽ ഒഴുക്ക് തടസ്സപ്പെട്ടതാണു റോഡിൽ വെള്ളം കയറാൻ ഇടയാക്കിയത്. നടുവണ്ണൂർ ഭാഗത്ത് മിന്നലും കാറ്റും ഉണ്ടായി.
പയ്യോളി∙ തിക്കോടി, പയ്യോളി, തുറയൂർ, മൂടാടി പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തു. മഴയോടൊപ്പം ശക്തമായ കാറ്റും മിന്നലും അകമ്പടിയായി എത്തി.
ദേശീയപാത നിർമാണ പ്രവൃത്തി നടക്കുന്ന ഈ പ്രദേശത്ത് പലയിടങ്ങളിലും റോഡ് നിർമാണത്തിനിട്ട ചെമ്മണ്ണ് മഴയിൽ സർവീസ് റോഡിലേക്ക് ഒലിച്ചിറങ്ങി കുഴമ്പു രൂപത്തിലായി. റോഡിൽ മഴവെള്ളം കെട്ടിക്കിടന്നതിനാൽ പലയിടത്തും ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. പള്ളിക്കര തട്ടാടത്ത് മുക്ക്, തിക്കോടി മാപ്പിള എൽപി സ്കൂളിനു സമീപം റോഡിൽ, തൃക്കോട്ടൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം എന്നിവിടങ്ങളിൽ വൈദ്യുത കമ്പികളിൽ മരങ്ങൾ വീണ് ലൈൻ പൊട്ടിവീണ് വൈദ്യുതി നിലച്ചു.കൂരാച്ചുണ്ട് ∙ കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിൽ കടുത്ത വേനൽച്ചൂടിൽ ആശ്വാസമേകി വൈകിട്ട് മഴ ലഭിച്ചു. വരൾച്ച രൂക്ഷമായ സമയത്ത് തന്നെ മഴ ലഭിച്ചത് കൃഷിമേഖലയ്ക്കും ഗുണകരമായി.മലയോര ഹൈവേ റോഡ് പ്രവൃത്തി നടക്കുന്ന മേഖല മഴയിൽ വെള്ളക്കെട്ടിൽ ചെളിക്കുളമായതോടെ വാഹനയാത്ര ദുരിതമായി. മാർച്ച് മാസത്തിൽ ത്രിതല പഞ്ചായത്തുകളുടെ ഫണ്ടിൽ റോഡ് ടാറിങ് പ്രവൃത്തിയെയും മഴ പ്രതികൂലമായി ബാധിച്ചു.