ഈ വിദ്യാർഥികളോട് ജനം ചോദിക്കുന്നു: നിങ്ങളൊക്കെ എന്തിനാ പഠിക്കുന്നത്?

Mail This Article
കോഴിക്കോട്∙ കോവൂർ – ഇരിങ്ങാടൻപള്ളി – പൂളക്കടവ് മിനി ബൈപാസിലെ രാത്രികാല തട്ടുകടകളിൽ വീണ്ടും വിദ്യാർഥികളുടെ അക്രമം. രാത്രി ചായ കുടിക്കാൻ എത്തിയ വിദ്യാർഥിയെ പത്തോളം വിദ്യാർഥികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ വിദ്യാർഥിയുടെ മൂക്കു തകർന്നു. സംഭവത്തിൽ പൊലീസ് 5 വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. വെള്ളിമാടുകുന്ന് ഐസിടി വിദ്യാർഥികളായ അരീക്കാട് ഫീദാസിൽ റിഫാസ്(20), ഫ്രാൻസിസ് റോഡ് പി.പി.വീട്ടിൽ ഷാഹിൻ(21), നടുവട്ടം ബൈത്തുൽ നൂറിൽ അജാസ് അഹമ്മദ്(21), കൊളത്തറ കള്ളിയിൽ നിഹാൽ(21), ഉള്ളിയേരി പിലാത്തോടൻ കണ്ടി മുഹമ്മദ് യാസിർ(21) എന്നിവരെയാണ് ചേവായൂർ പൊലീസ് പിടികൂടിയത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: മൊബൈൽ ഫോണിൽ ഫോട്ടോ എടുത്തതുമായി ബന്ധപ്പെട്ടാണ് സംഘർഷത്തിനു തുടക്കം. വ്യാഴാഴ്ച രാത്രി 10.45ന് ആണ് ജെഡിടി സ്കൂൾ വിദ്യാർഥിയായ പരാതിക്കാരൻ 2 സുഹൃത്തുക്കൾക്കൊപ്പം 'ടീപ്പെട്ടി' ചായക്കടയിൽ എത്തിയത്. ഈ സമയത്തു ചായക്കടയിൽ എത്തിയ പത്തോളം പേർ വിദ്യാർഥിയെ പുറത്തേക്കു വിളിച്ചു. തുടർന്നു മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും മർദിക്കുകയും ചെയ്തു. ബൈക്കിന്റെ താക്കോൽ കൊണ്ടു മുഖത്തും തലയ്ക്കും കുത്തി പരുക്കേൽപിച്ചു. രക്ഷപ്പെട്ടു വീട്ടിലെത്തിയ വിദ്യാർഥി ബന്ധുക്കൾക്കൊപ്പം ഗവ. ബീച്ച് ആശുപത്രിയിൽ എത്തി ചികിത്സ തേടി. ചേവായൂർ എസ്ഐ നിമിൻ കെ.ദിവാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ വിവിധ സ്ഥലത്തു നിന്നു പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അതേ തട്ടുകട; സമാനമായ സംഭവം
ഫെബ്രുവരി 24ന് ഇതേ തട്ടുകടയിൽനിന്നാണ് ലോ കോളജ് വിദ്യാർഥിനിയെ കോവൂർ സ്വദേശിയായ യുവാവ് വലിച്ചിറക്കി മർദിക്കുകയും കാറിൽ കയറ്റിക്കൊണ്ടു പോവുകയും ചെയ്തത്. ഇതിൽ മനോവിഷമം ഉണ്ടായി അടുത്ത ദിവസം വാപ്പൊളിത്താഴത്തെ താമസ സ്ഥലത്തു വിദ്യാർഥിനി ആത്മഹത്യ ചെയ്തിരുന്നു. കോവൂർ – ഇരിങ്ങാടൻപ്പള്ളി – പൂളക്കടവ് മിനി ബൈപാസിൽ അടുത്ത കാലത്താണ് രാത്രി മാത്രം പ്രവർത്തിക്കുന്ന തട്ടുകടകൾ സജീവമായത്. വൈകിട്ട് 3 ന് ആരംഭിക്കുന്ന കടകൾ പുലർച്ചെ 4 വരെ പ്രവർത്തിക്കും. ഈ മേഖലയിൽ കഴിഞ്ഞ 6 മാസത്തിനിടയിൽ ബൈക്ക് അപകടത്തിൽ 4 പേരാണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു. കടകളിൽ പലതിനും കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ അനുമതി ഇല്ലെന്നു പരാതി ഉണ്ടായിട്ടും പരിശോധന നടക്കാറില്ലെന്നു നാട്ടുകാർ പറഞ്ഞു. കടകളുടെ സമയക്രമം പരിശോധിക്കണമെന്നു പൊലീസ് നിർദേശമുണ്ടായിട്ടും നടപടിയില്ലെന്നു പറയുന്നു.