132.17 ടൺ തണ്ണിമത്തൻ വിളയിച്ച് കുടുംബശ്രീ; കൃഷി ഇറക്കിയത് 80 ഏക്കറിൽ

Mail This Article
കോഴിക്കോട്∙ ഹോട്ട് സംരംഭങ്ങൾക്കിടയിൽ കുടുംബശ്രീ തുടങ്ങിയ കൂൾ സംരംഭവും സൂപ്പർഹിറ്റ്. കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്ത്രീകൾ ആദ്യമായി വ്യാവസായിക അടിസ്ഥാനത്തിൽ തുടങ്ങിയ തണ്ണിമത്തൻ കൃഷിയിൽ ജില്ലയിൽ ഇത്തവണ വിളവെടുത്തത് 132.17 ടൺ. കഴിഞ്ഞ വർഷം കനത്ത വേനലിൽ നടത്തിയ തണ്ണിമത്തൻ കൃഷി വൻ ഹിറ്റായതോടെയാണ് ഇക്കുറി കുടുംബശ്രീ കൃഷി വിപുലമാക്കിയത്. ചൂടും റമസാനും ഒന്നിച്ചു വന്നതോടെ കുടുംബശ്രീയുടെ തണ്ണീർമത്തൻ വിപണിയിൽ ഹിറ്റായി മാറി. തുടക്കത്തിലുണ്ടായിരുന്ന ആശങ്കകളും സംശയങ്ങളും പരിശീലനത്തിലൂടെ മറികടന്നാണു സ്ത്രീകളുടെ വിജയം.

80 ഏക്കറിൽ കൃഷിയിറക്കി വനിതകളുടെ സംഘകൃഷി ഗ്രൂപ്പുകൾക്കു വരുമാനം നേടുകയായിരുന്നു കുടുംബശ്രീ ലക്ഷ്യം. ഒപ്പം ജനങ്ങൾക്ക് വിഷരഹിത തണ്ണിമത്തൻ എത്തിക്കുക കൂടി ചെയ്തതോടെ നാട്ടുകാരും ഇരുകയ്യും നീട്ടി സ്വീകരിച്ചു. മുൻകാലങ്ങളിൽ ഒറ്റപ്പെട്ട ചില സ്ഥലങ്ങളിൽ സംഘകൃഷി ഗ്രൂപ്പുകൾ തണ്ണിമത്തൻ വിളവെടുത്തിരുന്നു. എന്നാൽ, എല്ലാ മേഖലയെയും കൂടി ഉൾപ്പെടുത്തിയാണ് ഇത്തവണ കൃഷി ഒരുക്കിയത്. വേനൽ മധുരം പദ്ധതിയുടെ ഭാഗമായി സിഡിഎസുകൾക്കു കീഴിലുള്ള കൂട്ടുത്തരവാദിത്ത സംഘകൃഷി കർഷകരിലൂടെയാണു തണ്ണിമത്തൻ കൃഷി. 12 ബ്ലോക്കുകളിലായി 33 സിഡിഎസുകൾക്ക് കീഴിലുള്ള 78 ഗ്രൂപ്പുകൾ തണ്ണിമത്തൻ കൃഷിയിലേക്ക് ഇറങ്ങി.
രഞ്ജിനി, മഹാരാജ, അർക്കമാണിക്, മുകാസ എഫ് വൺ, അപൂർവ 295, കിരൺ തുടങ്ങിയവയാണ് കുടുംബശ്രീയുടെ പാടത്ത് മധുരം വിളമ്പുന്നത്. കുറഞ്ഞത് ഒരേക്കറിലെങ്കിലും കൃഷി ചെയ്യുന്ന ഗ്രൂപ്പിന് 25,000 രൂപ കുടുംബശ്രീയുടെ ധനസഹായവുമുണ്ട്. കുടുംബശ്രീ വിപണന കേന്ദ്രങ്ങളിലും മറ്റു ചന്തകളിലും തണ്ണിമത്തൻ വിതരണം ചെയ്തിരുന്നു. കൂടുതൽ അയൽക്കൂട്ടങ്ങളെ കൃഷിയിലേക്ക് എത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. കഴിഞ്ഞ ഡിസംബറിൽ തുടങ്ങിയ കൃഷിയിൽ കായണ്ണ സിഡിഎസിലാണ് ഏറ്റവും കൂടുതൽ കൃഷിയിറക്കിയത്. 5 ഏക്കറോളമാണ് അവിടെ തണ്ണിമത്തൻ കൃഷി. അടുത്ത വർഷവും തണ്ണിമത്തൻ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണു കുടുംബശ്രീ.