വില്യാപ്പള്ളി–തണ്ണീർപന്തൽ– ആയഞ്ചേരി റൂട്ടിൽ ബസുകളുടെ മിന്നൽ സമരം; യാത്രക്കാർ വലഞ്ഞു

Mail This Article
വടകര∙ വില്യാപ്പള്ളി–തണ്ണീർപന്തൽ– ആയഞ്ചേരി റൂട്ടിൽ ബസുകളുടെ മിന്നൽ പണിമുടക്ക്. ഇന്നലെ രാവിലെ മുതൽ ബസുകൾ ഓടിയില്ല. തുടർന്ന് യാത്രക്കാർ ബുദ്ധിമുട്ടി. കെഎസ്ആർടിസി ബസ് സർവീസ് നടത്തിയത് ആശ്വാസമായി.അശ്വിൻ ബസ് ഉടമ രാജീവനെ ഓട്ടോറിക്ഷ ഡ്രൈവർമാർ മർദിച്ചതിൽ പ്രതിഷേധിച്ചാണ് വടകരയിൽ നിന്ന് തണ്ണീർപന്തൽ, ആയഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ ഓട്ടം നിർത്തി വച്ചത്. ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹിയുടെ മകളുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടയിൽ കല്ലേരി ഓഡിറ്റോറിയത്തിന് സമീപത്ത് വച്ചാണ് മർദനം ഏറ്റത്.
ബസ് ജീവനക്കാരും ഓട്ടോറിക്ഷ തൊഴിലാളികളും തമ്മിൽ അടക്കാതെരുവിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് മർദനം എന്നാണ് പൊലീസ് പറയുന്നത്. വില്യാപ്പള്ളി, തണ്ണീർപന്തൽ, ആയഞ്ചേരി ഭാഗങ്ങളിൽ ഉള്ളവരാണ് പണിമുടക്ക് മൂലം ബുദ്ധിമുട്ടിയത്. വലിയ തുക ചെലവഴിച്ച് വാഹനങ്ങൾ പിടിച്ച് പലർക്കും യാത്ര ചെയ്യേണ്ടി വന്നു. സമരത്തെ തുടർന്ന് വില്യാപ്പള്ളിയിലേക്കും തണ്ണീർപന്തലിലേക്കും കെഎസ്ആർടിസി സർവീസ് നടത്തി.