മാലിന്യം, നാറ്റം, ദുരിതം; മറീന ബീച്ച് റോഡിൽ മലിനജലം പരന്നൊഴുകുന്നു

Mail This Article
ബേപ്പൂർ∙ സഞ്ചാരികൾക്കു ദുരിതം പകർന്നു ബേപ്പൂർ മറീന ബീച്ച് റോഡിൽ മലിനജലം പരന്നൊഴുകുന്നു. ബീച്ച് കവാടത്തിനു സമീപത്താണ് വീടുകളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുകുന്നത്. രൂക്ഷഗന്ധമുള്ള വെള്ളത്തിൽ ചവിട്ടിയാണ് ജനം പോകുന്നത്. ടൂറിസം കേന്ദ്രത്തിലേക്ക് വരുന്ന സഞ്ചാരികൾക്ക് ഇത് ദുരിതമായി. ബീച്ച് റോഡ് പരിസരത്തെ വീടുകളിൽ നിന്നുള്ള മലിനജലം ഓടയിലൂടെ ചാലിയാറിലേക്കായിരുന്നു ഒഴുക്കിയിരുന്നത്. ഓട മണ്ണടിഞ്ഞ് തൂർന്നപ്പോൾ ആൾനൂഴി ചോർന്നാണ് അഴുകിയ വെള്ളം റോഡിൽ പരക്കുന്നത്.
ഇതിനാൽ പരിസരത്താകെ ദുർഗന്ധമാണ്. സമീപവാസികൾക്കും വ്യാപാരികൾക്കും പ്രയാസമായി. പൊതു ഓടയിലേക്ക് മാലിന്യം ഒഴുക്കരുതെന്ന് പലവട്ടം വീട്ടുകാരോട് ആവശ്യപ്പെട്ടിട്ടും നിർത്താൻ നടപടിയുണ്ടായില്ലെന്നു കൗൺസിലർ ടി.രജനി പറഞ്ഞു. കോർപറേഷൻ ആരോഗ്യവിഭാഗം പ്രശ്നത്തിൽ ഇടപെട്ടിട്ടും പരിഹാരമുണ്ടായില്ല. ഒഴുക്ക് തടയാനോ, ഓടയിൽ ഒഴുക്ക് പുനഃസ്ഥാപിക്കാനോ കോർപറേഷൻ ആരോഗ്യവിഭാഗം നടപടി സ്വീകരിക്കുന്നില്ല.