ADVERTISEMENT

വടകര∙ വലിയ ശബ്ദം കേട്ടാണ്  മൂരാട് പാലത്തിലെ അപകടം നാട്ടുകാർ അറിയുന്നത്. പാലവും ആറുവരിപ്പാതയും മുകളിലൂടെ ആയതിനാൽ വാഹനം എളുപ്പം ആളുകളുടെ ശ്രദ്ധയിൽപെടാറില്ല. ഞായർ വൈകിട്ട് 3.15 ന് വൻ ശബ്ദവും കൂട്ട നിലവിളിയും കേട്ടാണ് ആളുകൾ ഓടിയെത്തുന്നത്. അപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നു. കാറും ട്രാവലറും കൂട്ടിയിടിയിൽ  നിശ്ശേഷം തകർന്ന നിലയിലായിരുന്നു. ട്രാവലറിന്റെ വാതിൽ തുറന്നു കുറച്ചു പേർ റോഡിൽ വീണു കിടന്നു. കാറിന്റെ മുൻഭാഗം തകർന്ന് എയർ ബാഗുകൾ ദ്വാരം വന്ന് ചിതറിയ നിലയിലായിരുന്നു. കാറിൽ ഉണ്ടായിരുന്ന 6 പേരിൽ ഒരാൾക്ക് മാത്രമേ ബോധം ഉണ്ടായിരുന്നുള്ളൂ. അയാളുടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവു കണ്ടു.

പേര് സത്യനെന്നും സ്ഥലം ചേന്ദമംഗലം എന്നും പറഞ്ഞതോടെ അയാളുടെ ബോധവും പോയതായി രക്ഷാപ്രവർത്തകൻ ശോഭിൻ മൂരാട് പറഞ്ഞു. എല്ലാവർക്കും തലയ്ക്കും മുഖത്തുമാണ് പരുക്ക്. ഗുരുതരമായി പരുക്കേറ്റ സത്യനെയും ഒപ്പം ഉണ്ടായിരുന്ന ചന്ദ്രിയെയും സഹകരണ ആശുപത്രിയിൽ എത്തിച്ച ശേഷം  കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പുതിയ പാത വന്ന ശേഷം ഉണ്ടാകുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. ഒരു മാസം മുൻപ് ബൈക്ക് യാത്രികൻ മരിച്ചിരുന്നു. അന്നും ശോഭിന്റെ നേതൃത്വത്തിലാണ് പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.

വിവാഹ സൽക്കാര ദിനത്തിൽ എത്തിയ സങ്കടവാർത്ത
വടകര∙ അഴിയൂരിലെ വിവാഹം കഴിഞ്ഞ് വധുവും വരനും പോയ ശേഷം അവർക്കൊപ്പം പോയ വാഹനമാണ് അപകടത്തിൽപെട്ടത്. വിവാഹ സൽക്കാരം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് അപകടം. അതുവരെ ഉണ്ടായിരുന്ന സന്തോഷം ദുഃഖത്തിനു വഴി മാറി. വധുവിനെ യാത്ര അയയ്ക്കാൻ കുറച്ചു പേർ ഒപ്പം പോകുന്ന പതിവുണ്ട്. അതിനാണ് ഒരു പുരുഷനും 5 സ്ത്രീകളും അടങ്ങുന്ന സംഘം കാറിൽ കോഴിക്കോട് കോവൂരിലേക്ക് യാത്ര തിരിച്ചത്. പാലോളിപ്പാലം മുതൽ മൂരാട് പാലം വരെ വരുന്ന ആറുവരിപ്പാതയിലെ 3 വരിപ്പാതയിലൂടെ എളുപ്പം പോകാമെന്നിരിക്കെ കാർ എതിർ ദിശയിലുള്ള പാതയിലൂടെയാണ് മൂരാട് പാലത്തിലേക്ക് എത്തിയത്.

പാലം തുടങ്ങുന്ന  ഭാഗത്ത് ഡിവൈഡർ പണിതിട്ടില്ല. തൂണുകൾ മാത്രമേ ഉള്ളൂ. അതിലൂടെ മറുഭാഗത്ത് എത്താനുള്ള ശ്രമമാണ് എതിരെ വന്ന വാഹനവുമായി കൂട്ടിയിടിയിൽ കലാശിച്ചത്.  വൺവേ ആയതിനാൽ,  കോഴിക്കോട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ എതിർ ദിശയിൽ നിന്ന് വാഹനങ്ങൾ പ്രതീക്ഷിക്കില്ല. അതാണ് അപകടത്തിനു കാരണമായത്. നല്ല വേഗത്തിലായിരുന്നു ഇരുവാഹനങ്ങളും. മൂരാട് പാലത്തിൽ സിഗ്നൽ സംവിധാനവുമില്ല. എതിർദിശയിലെ പാതയിൽ പെട്രോൾ പമ്പ് ഉണ്ട്. പെട്രോൾ അടിക്കാൻ അവിടെ കയറിയിരിക്കുമോ എന്ന സംശയമാണ് നാട്ടുകാർക്ക്. അഴിയൂർ ശ്രീപാദം വീട്ടിൽ പാറേമ്മൽ പുരുഷുവിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത അടുത്ത ബന്ധുക്കളും അയൽവാസികളുമാണ് വാഹനത്തിലുണ്ടായിരുന്നത്.

എളുപ്പവഴി അപകടത്തിലേക്ക്
പയ്യോളി∙ മൂരാട് പാലത്തിലെ അപകടങ്ങൾക്കു കാരണം  വാഹനങ്ങൾ എളുപ്പ വഴി തേടുന്നത്. കാറും വാനും കൂട്ടിയിടിച്ച്  നാലു പേർ മരിക്കുകയും ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നടന്നതും അതു തന്നെയെന്നു നാട്ടുകാർ പറയുന്നു. ഡ്രൈവർ വൺവേ തെറ്റിച്ചതാണു ദുരന്തത്തിന് കാരണമെന്നാണു പറയുന്നത്. മൂരാട് നിന്നു വടകര എസ്പി ഓഫിസ് വരെയുള്ള നാഷനൽ ഹൈവേ ആറു വരി പൂർത്തീകരിച്ചു തുറന്നു കൊടുത്തിരുന്നു. കോഴിക്കോട് ഭാഗത്തു നിന്നു  കണ്ണൂർ ഭാഗത്തേക്കുള്ള മൂന്നുവരിപ്പാതയിലേക്ക് വൺവേ തെറ്റിച്ചു കാർ കയറി വന്നതാണ് അപകടത്തിലേക്ക് നയിച്ചത്. ദേശീയപാതയുടെ  പടിഞ്ഞാറു ഭാഗത്തുള്ള പെട്രോൾ പമ്പിലേക്കു പാലത്തിന്റെ തെക്കു  ഭാഗത്തുള്ള വാഹനങ്ങൾ പോകുന്നതും വൺവേ തെറ്റിച്ച് അപകടകരമായ രീതിയിൽ തിരികെ  വരുന്നതും പതിവു കാഴ്ചയാണ്. പമ്പിലേക്കു പോകുന്ന വാഹനങ്ങൾ തിരികെ വരുന്നതിന്  എസ്പി ഓഫിസിനടുത്തുള്ള യുടേൺ പോയിന്റ് വരെ പോകേണ്ടി വരും എന്നതിനാലാണ് നിയമവിരുദ്ധമായ ഈ കുറുക്കു വഴി തേടുന്നത്.

English Summary:

A serious Moorad bridge accident near Vadakara resulted in multiple casualties and injuries after a head-on collision between a car and a van. The accident, occurring on a newly opened six-lane highway, is attributed to drivers using dangerous shortcuts.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com