ആറുവരിപ്പാതയിൽ അപകടത്തിന് കാരണം അശ്രദ്ധയും അജ്ഞതയും: വാഹനങ്ങൾ പോകുന്നത് നിർദേശങ്ങൾ കാറ്റിൽ പറത്തി

Mail This Article
വടകര∙ അശ്രദ്ധയും അജ്ഞതയും കാരണം പുതിയ 6 വരി ദേശീയപാതയിൽ അപകടം വരുത്തുന്നുവെന്ന് നാട്ടുകാർ. 3 വരികളിലായി ഇരു ദിശകളിലേക്ക് പോകുന്ന പുതിയ പാതയിൽ വാഹനങ്ങൾക്ക് വേഗം നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ വലിയ വാഹനങ്ങൾക്കും ചെറിയ വാഹനങ്ങൾക്കും പ്രത്യേകം ട്രാക്കുകളും ഉണ്ട്. ഇതെല്ലാം കാറ്റിൽ പറത്തിയാണ് വാഹനങ്ങൾ കടന്നു പോകുന്നത്. പാതയുടെ നിർമാണം പൂർത്തിയായിട്ടില്ല. മൂരാട് പാലത്തും പാലോളിപ്പാലത്തിനും ഇടയിൽ 2.8 കിലോ മീറ്റർ ദൂരം വാഹനങ്ങൾക്ക് തുറന്നു കൊടുത്തെങ്കിലും വേഗം സംബന്ധിച്ചോ കടന്നു പോകേണ്ട ട്രാക്കുകളെ കുറിച്ചോ ഒരു സൂചനയും ഇല്ല. ഇരുഭാഗത്തേക്കും വാഹനങ്ങൾ കടന്നു പോകുന്ന സർവീസ് റോഡുകളാണ് ഇവിടെ ഉള്ളത്. പാലോളിപ്പാലം–പാലയാട്ട്നട സർവീസ് റോഡിൽ ഇരു ഭാഗത്തേക്കും വാഹനങ്ങൾ പോകുന്നുണ്ട്. മറുഭാഗത്തെ സർവീസ് റോഡിൽ വാഹനങ്ങൾ കുറവുമാണ്.
പാലയാട്ട് നടയിലെ പെട്രോൾ പമ്പിൽ കയറാൻ കണ്ണൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് മൂരാട് പോയി ചുറ്റി വരണം. അല്ലെങ്കിൽ പാലോളിപ്പാലം ഭാഗത്തെ സർവീസ് റോഡിലൂടെ തെറ്റായ ദിശയിൽ പോകേണ്ടതുണ്ട്. അങ്ങനെ വരുന്ന വാഹനങ്ങൾ പെട്രോൾ പമ്പിൽ നിന്നു തിരികെ വരാൻ മൂരാട് വരെ തെറ്റായ ദിശയിൽ പോകണം. അല്ലെങ്കിൽ പാലോളിപ്പാലം പോയി തിരികെ വരണം. ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ തെറ്റായ ദിശയിലാണ് വാഹനങ്ങൾ പോകുന്നത്. ശ്രദ്ധ തെറ്റിയാൽ മതി വൻ അപകടമാണ് സംഭവിക്കുക. ഇന്നലെ ഉണ്ടായ അപകത്തിൽപ്പെട്ട കാർ എത്തിയതും ഈ വഴിയിലാണ്.
സർവീസ് റോഡ് വഴി ഇരുഭാഗത്തേക്കും ഗതാഗതം അനുവദിക്കുമെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടർ
വടകര∙ ദേശീയപാത വരുന്നതോടെ കൊട്ടിയടക്കുന്ന ചേന്ദമംഗലം–മലോൽ മുക്ക് റോഡിലേക്ക് പ്രവേശിക്കാൻ വഴി തെളിഞ്ഞു. പെരുവാട്ടുംതാഴയിൽ നിന്നുള്ള സർവീസ് റോഡ് 7 മീറ്റർ വീതിയിൽ നിർമിക്കാനും ഇരുവശങ്ങളിലേക്കും ഗതാഗതം അനുവദിക്കാനും തീരുമാനം. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ അസുതോഷ് സിൻഹ ആണ് ഇതു സംബന്ധിച്ച് അറിയിച്ച് കൊണ്ട് കത്ത് അയച്ചത്. മലോൽമുക്ക് –ചേന്ദമംഗലം റോഡിൽ നിന്നു സർവീസ് റോഡ് വഴി ദേശീയപാതയിലേക്കും തിരിച്ചും പ്രവേശനം ആവശ്യപ്പെട്ട് കോൺഗ്രസും യൂത്ത് കോൺഗ്രസും നടത്തിയ സമരത്തിന് ആണ് ഫലം കണ്ടത്. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സി.നിജിൻ നൽകിയ അപേക്ഷയെ തുടർന്നാണ് കത്ത് മുഖേന ഇക്കാര്യം അറിയിച്ചത്. ഷാഫി പറമ്പിൽ എംപിയും കെ.കെ.രമ എംഎൽഎയും ഈ ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയിരുന്നു. ശക്തമായ സമരത്തിന്റെ ഭാഗമായാണ് അനുകൂല തീരുമാനം ഉണ്ടായതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ടി.കെ.നജ്മൽ, മണ്ഡലം പ്രസിഡന്റ് സി.നിജിൻ എന്നിവർ അറിയിച്ചു.