മേയ് 27 ന് കോഴിക്കോട് കോർപ്പറേഷൻ ഓഫിസ് കോൺഗ്രസ് ഉപരോധിക്കും

Mail This Article
കോഴിക്കോട് ∙ 'കമ്മിഷൻ കോർപ്പറേഷൻ, സേവ് കോഴിക്കോട്’ മുദ്രാവാക്യം ഉയർത്തി കോഴിക്കോട് കോർപ്പറേഷൻ ഭരണത്തിനെതിരെ പ്രക്ഷോഭത്തിന് കോൺഗ്രസ്.
നാലര പതിറ്റാണ്ടായി സിപിഎം ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷൻ അഴിമതിയുടെയും കൊള്ളയുടെയും സ്വജനപക്ഷപാതത്തിന്റെയും പ്രതിരൂപമായി മാറിയതായി സമരം സംബന്ധിച്ച വിവരങ്ങൾ പങ്കിട്ട വാർത്താസമ്മേളനത്തിൽ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ ആരോപിച്ചു. സമരത്തിന്റെ ഭാഗമായി മേയ് 27 ന് കോർപ്പറേഷൻ ഓഫിസ് ഉപരോധിക്കും. ഉപരോധത്തിന്റെ സമരപ്രഖ്യാപന കൺവെൻഷൻ 14ന് വൈകിട്ട് 4.30ന് ടൗൺ ഹാളിൽ നടക്കും. എം.കെ. രാഘവൻ എംപി സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
ചരിത്ര നഗരം എന്നറിയപ്പെട്ട കോഴിക്കോട് അഴിമതിയുടെ നഗരമെന്ന ദുഷ്‌പേരിന് വിധേയമായിരിക്കുകയാണ്. അഴിമതിക്കാരുടെയും സ്വജനപക്ഷക്കാരുടെയും കയ്യിൽനിന്ന് കോഴിക്കോട് നഗരസഭയെ മോചിപ്പിക്കുന്നതിനുള്ള വിശ്രമരഹിത പോരാട്ടത്തിലാണ് കോൺഗ്രസ്. കോർപ്പറേഷനെതിരെ ഉയർന്ന ആരോപണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. ഉപരോധസമരത്തിന്റെ ഭാഗമായി കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ് നയിക്കുന്ന വാഹന പ്രചരണ ജാഥ 20, 21, 22, 23, 24 തീയതികളിൽ കോർപ്പറേഷനിലെ എല്ലാ ഡിവിഷനുകളിലും പര്യടനം നടത്തുമെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു. ഉപരോധസമര സന്ദേശം എത്തിക്കുന്നതിനായി കോർപ്പറേഷൻ പരിധിയിലുളള എല്ലാ വീടുകളിലും 16 മുതൽ 19 വരെ കോൺഗ്രസ് പ്രവർത്തകർ നേരിട്ടെത്തുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്ത് അറിയിച്ചു.