അബുദാബിയിൽ നിന്നെത്തിയ വിമാനത്തിൽ 18 കിലോ ഹൈബ്രിഡ് കഞ്ചാവ്; ‘കറങ്ങി നടക്കാൻ’ എത്തിയവർ പിടിയിൽ

Mail This Article
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തികൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് തിങ്കളാഴ്ച രാത്രി പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ പ്രിത്വിരാജിന്‍റെ മകൻ റിജിൽ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ ചന്ദ്രബാബുവിന്‍റെ മകന്‍ റോഷന്‍ ആര്‍. ബാബു (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
12 ന് രാത്രി 8 മണിക്ക് അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ ഇത്തിഹാദ് എയര്‍വേയ്സിലാണ് വലിയ ഒരു ട്രോളി ബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവ് എത്തിയത്. 14 വാക്വം പായ്കറ്റുകളിലായിട്ടായിരുന്നു കഞ്ചാവ് ട്രോളി ബാഗില്‍ അടുക്കിവെച്ചത്. കഞ്ചാവ് ഏറ്റുവാങ്ങാന്‍ കാത്തുനില്‍ക്കുകയായിരുന്നു റോഷനും റിജിലും. പോലീസ് ചോദ്യം ചെയ്തപ്പോൾ എയര്‍പോര്‍ട്ടില്‍ ചുമ്മാ കറങ്ങാനും ഫോട്ടോ എടുക്കാനും വന്നതാണെന്നായിരുന്നു ഇവരുടെ മറുപടി. തുടര്‍ന്ന് ഇരുവരേയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ലഹരിക്കടത്തിന്‍റെ കഥ ചുരുളഴിയുന്നത്.
ബാങ്കോക്കില്‍ നിന്നും അബുദാബി വഴി കരിപ്പൂരിലെത്തിയ യാത്രക്കാരന്‍റെ ഫോട്ടോകളും മറ്റു വിവരങ്ങളും റോഷന്‍റെ ഫോണിലുണ്ടായിരുന്നു. യാത്രക്കാരന്‍റെ വിവരങ്ങള്‍ ശേഖരിച്ച് പരിശോധന തുടങ്ങിയപ്പോൾ ഇയാള്‍ എയര്‍പോര്‍ട്ട് വിട്ടിരുന്നു. എയര്‍പോര്‍ട്ട് ടാക്സിയിലാണ് പുറത്തേക്ക് പോയതെന്ന് മനസിലാക്കിയ പോലീസ്, ടാക്സി ഡ്രൈവറെ തിരിച്ചറിഞ്ഞ് ഫോണില്‍ ബന്ധപ്പെട്ടു വാഹനം നിർത്താൻ ആവശ്യപ്പെട്ടു. എന്നാല്‍ അപകടം മണത്ത യാത്രക്കാരന്‍ സിഗരറ്റ് വലിക്കാനെന്നും പറഞ്ഞ് കാറില്‍ നിന്നും പുറത്തിറങ്ങി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ലഗ്ഗേജ് തുറന്ന് പരിശോധിച്ചപ്പോഴാണ് 18 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. രക്ഷപ്പെട്ട യാത്രക്കാരനായി ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു.