ADVERTISEMENT

ദേശീയ പാതയിൽ കുന്നിടിച്ച ഭാഗത്തു കോൺക്രീറ്റ് ഭിത്തി നിർമിക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞ് കാസർകോട് മട്ടലായിയിൽ തൊഴിലാളി മരിച്ചത്. കുന്നിടിച്ചുള്ള ദേശീയ പാത നിർമാണം, നമ്മുടെ കൺമുന്നിലും നടക്കുകയാണ്. ഇവിടെ പണിയെടുക്കുന്ന തൊഴിലാളികൾക്ക് എന്താണ് സുരക്ഷ? ഈ കുന്നുകൾക്കു മുകളിലെ മനുഷ്യരുടെ ജീവന് എന്ത് വില? ഈ വഴി സഞ്ചരിക്കുന്നർക്ക് എന്താണ് സുരക്ഷ? ഈ ചോദ്യങ്ങൾക്കുത്തരം തേടിയുളള പരമ്പര....

കൊയിലാണ്ടി∙ കുന്ന്യോറമല– ഈ നാടിനെ ഈ പേരിൽ ഇനി വിളിക്കാമോയെന്നറിയില്ല. കാരണം, ദേശീയപാതയ്ക്കായി കുന്ന്യോറമല നെടുകെ മുറിച്ചെടുത്തു പോയി. ശുദ്ധജല ക്ഷാമം ഒഴിച്ച് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു കുന്ന്യോറമലയ്ക്ക്. 135 കുടുംബങ്ങൾ സമാധാനത്തോടെ ജീവിച്ച നാട്. മിക്കവരും 4 സെന്റ് വീതം പട്ടയം കിട്ടിയ സാധാരണ കുടുംബങ്ങൾ. അശാസ്ത്രീയമായ ദേശീയപാത നിർമാണം, മഴക്കാലമടുക്കും തോറും അവരുടെ ഉറക്കം കെടുത്തുന്നു. കുട്ടികളും യുവാക്കളും സ്ത്രീകളും അടങ്ങുന്ന നാട്ടുകാർ 5 ദിവസമായി സമരമുഖത്താണ്. 

ദേശീയപാതയിൽ നന്തി–ചെങ്ങോട്ടുകാവ് ബൈപാസിനു (9 കിലോമീറ്റർ) വേണ്ടി 35 മീറ്റർ ആഴത്തിലും 45 മീറ്റർ വീതിയിലുമാണു കുന്ന്യോറമല തുരന്നത്. ദേശീയപാത വികസനത്തിനായി 3 വർഷം മുൻപാണു മല തുരന്നു തുടങ്ങിയത്. കുത്തനെ തുരന്നതോടെ, പാതയോടു ചേർന്ന് ഇരുഭാഗത്തുമുള്ള വീടുകൾ ഭീഷണയിലായി. പല വീടുകളിലും വിള്ളൽ വീണു. കഴിഞ്ഞ മഴക്കാലത്തു റോഡിന് ഇരുവശവും മണ്ണിടിഞ്ഞു. ഷീബയുടെ ശ്രീദീപം വീടിന്റെ മതിൽ ഇടിഞ്ഞു. ഇരുവശത്തും റോഡിനോടു ചേർന്ന് കുന്നിൻമുകളിലുള്ള 19 വീട്ടുകാർ വാടക വീട്ടുകളിലേക്കു മാറിത്താമസിക്കേണ്ടി വന്നു. കിണറുകളിൽ വെള്ളം വറ്റി. ഇവിടേക്കുണ്ടായിരുന്ന 2 റോഡുകളും മുറിഞ്ഞു പോയി. പടിഞ്ഞാറു ഭാഗത്തു മാത്രം, ദേശീയപാതയിൽ നിന്നു ചെറിയൊരു താൽക്കാലിക റോഡ് കുന്നിൻ മുകളിലേക്കു നിർമിച്ചെങ്കിലും സുരക്ഷിതല്ല. കുന്ന്യോറമലയിലെ 2 കോളജുകളിലേക്കുള്ള വഴി മുറിഞ്ഞുപോയി. കുറ്റ്യാടി ജലസേചന കനാൽ റോഡ് വഴി പയ്യോളിയിലേക്കുള്ള ഗതാഗതം മുടങ്ങി. 

ഉറപ്പില്ലാത്ത മണ്ണ് ആയതിനാൽ, സോയിൽ ലൈനിങ് വഴി സുരക്ഷ ഉറപ്പാക്കാൻ കഴിയില്ല. കോൺക്രീറ്റ് മതിൽ തന്നെ നിർമിക്കണം. അശാസ്ത്രീയമായാണു നിലവിൽ മണ്ണെടുപ്പ്. താഴെ നിന്ന് കുഴിക്കുകയും മുകളിലെ മണ്ണ് ഇടിഞ്ഞു വീഴുകയും ചെയ്യുകയാണ്. പല വീടുകളിലും വിള്ളൽ വീണു. കനത്ത മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ വീടുകളും ഭൂമിയും ഏറ്റെടുത്ത്, ഇരുവശത്തും ചെരിവു കൂട്ടി സുരക്ഷിതമാക്കണം. ഇന്നു പൊലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന ചർച്ച ഫലം കണ്ടില്ലെങ്കിൽ, ഇതുവഴിയുള്ള എല്ലാ വാഹനങ്ങളും നാളെ മുതൽ തടയും. നാട്ടുകാ‍ർ സഹകരിക്കണം.


ദേശീയപാതയിൽ നന്തി–ചെങ്ങോട്ടുകാവ് ബൈപാസിൽ കുന്ന്യോറമലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടു സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ റോഡ് ഉപരോധിച്ചപ്പോൾ. ചിത്രം: മനോരമ
ദേശീയപാതയിൽ നന്തി–ചെങ്ങോട്ടുകാവ് ബൈപാസിൽ കുന്ന്യോറമലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടു സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ റോഡ് ഉപരോധിച്ചപ്പോൾ. ചിത്രം: സജീഷ് ശങ്കർ / മനോരമ

കുന്ന്യോറമല ശുദ്ധജല പദ്ധതിയുടെ സംഭരണിയിലേക്കുള്ള പമ്പിങ് ലൈൻ മുറിഞ്ഞുപോയി. റോഡില്ലാതായതോടെ, നഗരസഭയുടെ ടാങ്കർ ലോറികൾക്ക് ഇവിടെ ശുദ്ധജലം എത്തിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നു വാർഡ് കൗൺസിലർ കെ.എം.സുമതി പറഞ്ഞു. മണ്ണിടിച്ചിൽ തടയാനായി സോയിൽ ലൈനിങ് നടത്തിയപ്പോൾ, പുഷ്പ ഭാസ്കരന്റെ വീട്ടിലെ കുഴൽ കിണറിൽ കോൺക്രീറ്റ് മിശ്രിതം വീണതായും പരാതിയുണ്ട്. പല തലങ്ങളിലും പരാതിയുന്നയിച്ചിട്ടും നടപടിയില്ലാതായതോടെയാണു സംയുക്ത സമരസമിതി സമരം തുടങ്ങിയത്. ഇന്നലെ, നിർമാണ കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞു. പൊലീസെത്തി, സമരസമിതി പ്രവർത്തകരുമായി ചർച്ച നടത്തിയാണു താൽക്കാലികമായി പ്രശ്നം പരിഹരിച്ചത്. 

English Summary:

Kunnyoramala villagers protest highway construction. The unscientific construction of a national highway has bisected their village and caused significant disruption to their lives, leading to a five-day protest.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com