രജനീകാന്ത് എത്തി; കനത്ത സുരക്ഷാ സജ്ജീകരണങ്ങളോടെ ചിത്രീകരണം തുടങ്ങുന്നു

Mail This Article
കോഴിക്കോട് ∙ ചാലിയാറിന്റെ തീരത്തെ കടവ് റിസോർട്ടിൽ വിശ്രമ ദിവസം ആസ്വദിച്ച് സ്റ്റൈൽ മന്നൻ രജനീകാന്ത്. ജയിലർ 2 സിനിമയിൽ രജനീകാന്തിന്റെ ഭാഗങ്ങൾ 13ന് ചിത്രീകരണം തുടങ്ങും. കഴിഞ്ഞ ദിവസം വൈകിട്ടാണ് രജനീകാന്ത് കോഴിക്കോട്ട് എത്തിയത്. വിമാനത്താവളത്തിൽനിന്ന് നേരെ കടവിലെത്തിയ രജനീകാന്ത് പുറത്തിറങ്ങിയില്ല.
ചെറുവണ്ണൂർ ബിസി റോഡിലെ ലൊക്കേഷനിലാണ് ‘ജയിലർ–2’ ചിത്രീകരണം നടക്കുന്നത്. 20 വരെ അദ്ദേഹം ഷൂട്ടിങ്ങിനായി ഇവിടെയുണ്ടാകും. ശനിയാഴ്ചയാണ് ചിത്രീകരണം തുടങ്ങിയത്. സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള നടൻമാർ കഴിഞ്ഞ 2 ദിവസമായി ഇവിടെയുണ്ട്. ബിസി റോഡിലെ സുദർശൻ ബംഗ്ലാവും പഴയ ഓട്ടുകമ്പനിയുമാണ് മുഖ്യ ലൊക്കേഷൻ. കനത്ത സുരക്ഷാ സജ്ജീകരണങ്ങളോടെയാണു ചിത്രീകരണം.
സൺ പിക്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച് നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലറിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാലും തെലുഗു സൂപ്പർ താരം ബാലകൃഷ്ണയും അടക്കമുള്ളവർ അണിനിരക്കുമെന്നാണു സൂചന.