പഹൽഗാമിൽ ലൈംഗികാതിക്രമം: അധ്യാപകനെ വടകരയിൽ നിന്ന് പിടികൂടി കശ്മീർ പൊലീസ്

Mail This Article
പേരാമ്പ്ര ∙ കശ്മീരിൽ വിനോദയാത്രയ്ക്കിടെ പതിമൂന്നുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിയായ അധ്യാപകനെ വടകര കോട്ടക്കലിൽ എത്തി അറസ്റ്റ് ചെയ്തു കശ്മീർ പൊലീസ്. കശ്മീർ വിനോദയാത്രയ്ക്കിടെ സഹപ്രവർത്തകന്റെ മകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നാദാപുരം പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ വടകര കോട്ടക്കൽ അഷ്‌റഫിനെയാണ് (45) ആണ് കശ്മീർ പഹൽഗാം പൊലീസ് അറസ്റ്റ് ചെയ്തത്.2023ൽ പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പേരാമ്പ്ര പൊലീസ് പഹൽഗാം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയ കേസിൽ, പ്രതി ഹൈക്കോടതിയിൽ നിന്നു ജാമ്യം എടുത്തതിനെ തുടർന്ന് നടപടി നിർത്തിവച്ചതായിരുന്നു. ഭീകരാക്രമണത്തെ തുടർന്നു പഹൽഗാം സ്റ്റേഷനിലെ മുഴുവൻ പരാതികളും പൊലീസ് പരിശോധിക്കുന്നതിനിടയിലാണ് ഈ കേസും പൊന്തി വന്നത്. കഴിഞ്ഞ ദിവസം പഹൽഗാം പൊലീസ് നാട്ടിലെത്തി അറസ്റ്റ് ചെയ്ത പ്രതിയെ കശ്മീരിലെ അനന്ത്നാഗ് കോടതിയിൽ ഹാജരാക്കും.