ADVERTISEMENT

കോഴിക്കോട് ∙ ജില്ലയിലെ ഭിന്നശേഷിക്കാരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി ജില്ലാ ഭരണകൂടം ആരംഭിച്ച ‘സഹമിത്ര’ പദ്ധതിയുടെ ഭാഗമായി ജില്ലാ സാമൂഹിക സുരക്ഷാ മിഷന്റെയും സാമൂഹികനീതി വകുപ്പിന്റെയും സഹകരണത്തോടെ ഭിന്നശേഷി നിര്‍ണയ ക്യാംപ് നടത്തി. കണ്ടംകുളം മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ് മെമ്മോറിയല്‍ ഹാളില്‍ നടന്ന ക്യാംപില്‍ പരിഗണിച്ച 138 അപേക്ഷകളില്‍ 98 പേര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് അംഗീകാരം നല്‍കി. 30 അപേക്ഷകള്‍ തുടര്‍ പരിശോധനകള്‍ക്കായി ശുപാര്‍ശ ചെയ്തു. കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിക്ക് കീഴില്‍ റജിസ്റ്റര്‍ ചെയ്ത അപേക്ഷകരെയാണ് വ്യാഴാഴ്ച നടന്ന ക്യാംപില്‍ പരിഗണിച്ചത്.

അങ്കണവാടി അധ്യാപകർ ഗൃഹസന്ദര്‍ശനങ്ങളിലൂടെ ശേഖരിച്ച് ജില്ലയിലെ വിവിധ കോളജുകളുടെ നേതൃത്വത്തില്‍ ഡിജിറ്റലൈസ് ചെയ്ത അപേക്ഷകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കുന്ന ക്യാംപുകളിൽ പരിഗണിക്കുന്നത്. ഭിന്നശേഷിക്കാരുടെ അടിസ്ഥാന തിരിച്ചറിയല്‍ രേഖയായ ഏകീകൃത സവിശേഷ തിരിച്ചറിയല്‍ കാര്‍ഡിന് (യുഡിഐഡി) ആവശ്യമായ മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഭിന്നശേഷി നിര്‍ണയമാണ് ഇതിലൂടെ നിര്‍വഹിക്കുന്നത്. 

ഭിന്നശേഷിക്കാരുടെ സമഗ്ര പരിരക്ഷ ഉറപ്പാക്കുക, അടിസ്ഥാന രേഖകളുടെ വിതരണം പൂര്‍ത്തിയാക്കുക, അനുകൂലമായ സാമൂഹികാന്തരീക്ഷം വളര്‍ത്തിയെടുക്കുക, കേന്ദ്ര-സംസ്ഥാന തലങ്ങളിലെ സര്‍ക്കാര്‍ പദ്ധതികളുടെയും സ്‌കീമുകളുടെയും വിതരണം ഉറപ്പാക്കുക, ഭിന്നശേഷി സൗഹൃദ കെട്ടിടങ്ങള്‍ സാധ്യമാക്കുക തുടങ്ങിയ കര്‍മപരിപാടികള്‍ ഉള്‍പ്പെടുത്തിയതാണ് സഹമിത്ര പദ്ധതി. സാമൂഹിക സുരക്ഷാ മിഷന്‍ റീജനല്‍ ഡയറക്ടര്‍ ഡോ. പി.സി.സൗമ്യ, എസ്‌ഐഡി സംസ്ഥാന കോഓർഡിനേറ്റര്‍ മുജീബ് റഹ്‌മാന്‍, റീജനല്‍ പ്രോഗ്രാം കോഓർഡിനേറ്റര്‍ മുഹമ്മദ് ഫൈസല്‍, കോഓർഡിനേറ്റര്‍മാരായ ജിഷോ ജെയിംസ്, നമൃത, ഡോ. നിജീഷ് ആനന്ദ്, ജില്ലാ കലക്ടറുടെ ഇന്റേണ്‍സ് തുടങ്ങിയവര്‍ ക്യാംപിനു നേതൃത്വം നല്‍കി.

English Summary:

Sahamithra Disability Assessment Camp in Kozhikode approved 98 applications for UDID cards. This initiative by the district administration aims to facilitate comprehensive support for differently-abled individuals in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com