‘എന്താണു സംഭവിച്ചതെന്നു മനസ്സിലായില്ല; എന്നാൽ പുകയ്ക്ക് തുണികത്തിയ മണമല്ലായിരുന്നു’

Mail This Article
കോഴിക്കോട് ∙ ‘‘സ്ഥാപനത്തിന്റെ പുറത്തു നിൽക്കുമ്പോൾ ജീവനക്കാർ ഉടനെ ഓഫിസിൽ എത്താൻ ആവശ്യപ്പെട്ടു... ഉടനെ കോണിപ്പടികൾ കയറി അകത്തെത്തിയപ്പോൾ ആകെ പുക നിറഞ്ഞിരുന്നു. പിന്നെ ഒട്ടും സമയം കളഞ്ഞില്ല. സ്ഥാപനത്തിനകത്തെ സ്ത്രീകൾ അടക്കം 53 ജീവനക്കാരെ പുറത്തെത്തിച്ചു. പലരും വാവിട്ടു കരഞ്ഞാണു പുറത്തേക്ക് ഓടിയത്. എന്താണു സംഭവിച്ചതെന്നു മനസ്സിലായില്ല, എന്നാൽ പുകയ്ക്ക് തുണികത്തിയ മണമല്ലായിരുന്നു’’.. കാലിക്കറ്റ് ഫർണിഷിങ് ആൻഡ് ഫാഷൻ ബസാറിലെ പർച്ചേസിങ് മാനേജർ കൊണ്ടോട്ടി സ്വദേശി സജീർ പറഞ്ഞു.
തീപിടിച്ച കെട്ടിടത്തിലെ കാലിക്കറ്റ് ടെക്സ്റ്റൈൽസിനോടു ചേർന്നു സമാന രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഫാഷൻ ബസാർ. നേരത്തെ ഇതു കാലിക്കറ്റ് ടെക്സ്റ്റൈയിൽസ് ഉടമയുടെ നിയന്ത്രണത്തിലായിരുന്നു. പിന്നീട് ഉടമ പ്രീതി സിറാജിന്റെ പേരിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കാലിക്കറ്റ് ടെക്സ്റ്റൈയിൽസിന്റെ പടിഞ്ഞാറു മരുന്നു വിൽപന കടയുടെ ഭാഗത്തു നിന്നാണ് ആദ്യം പുക ഉയർന്നത്. തുണികത്തിയ മണമല്ല. കാരണം നേരത്തെ ഞങ്ങളുടെ ഒരു തുണിക്കട ഇത്തരത്തിൽ കത്തിയിരുന്നു. ആ അനുഭവത്തിലാണ് തുണികത്തിയ മണമല്ല ആദ്യം ഉണ്ടായത്. കെട്ടിടത്തിന്റെ രണ്ടു വരാന്തയും അടച്ചു പൂട്ടിയ നിലയിലായതിനാൽ പുക തങ്ങളുടെ സ്ഥാപനത്തിലേക്കു കയറുകയായിരുന്നു. ശ്വാസം മുട്ടൽ അനുഭവപ്പെട്ടതോടെയാണ് ജീവനക്കാർ ഫോണിൽ ബന്ധപ്പെട്ടത്.
പിന്നീട് അഗ്നിരക്ഷാ സേന എത്തിയപ്പോൾ ഉള്ളിൽ കയറാനുള്ള വാതിലുകൾ കാണിച്ചു നൽകി. അതു തകർത്താണ് തീ അടുത്ത സ്ഥാപനങ്ങളിലേക്കു പടരാതെ നോക്കിയതെന്നു സജീർ പറഞ്ഞു. എന്നാൽ തീപിടിത്തമുണ്ടായാൽ അഗ്നിരക്ഷാ സേനയ്ക്ക് എളുപ്പത്തിൽ തീ അണയ്ക്കാൻ കഴിയുന്ന ഒരു സംവിധാനമുള്ള നിർമാണമാണ് ഈ കെട്ടിടത്തിൽ. ചുറ്റുഭാഗത്തു നിന്നും വാഹനം നിർത്തി തീ അണയ്ക്കാൻ സൗകര്യമുണ്ട്. എന്നിട്ടും 6 മണിക്കൂർ വേണ്ടി വന്നു തീ അണയ്ക്കാൻ. ഇതു നമ്മുടെ സംവിധാനത്തിന്റെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.